
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിച്ച് സഭ പിരിഞ്ഞു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാനാൻ കഴിയുമോ എന്നും സ്പീക്കർ സംശയം പ്രകടിപ്പിച്ചു.
സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണി സഭയിൽ ഹാജരാകുന്ന കാര്യത്തിൽ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരള രാഷ്ട്രീയത്തെ തന്‍റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്ന് അഭിപ്രായപ്പെട്ടു.
ദേശീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പി ജെ ജോസഫ് താനും മാണിയും തമ്മിൽ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. ചെയർമാൻ മുതിർന്ന നേതാവാകണമെന്ന് മാണി പറഞ്ഞുവെന്ന് ഓർമ്മിപ്പച്ച ജോസഫ് . സീനിയോറിറ്റി പറഞ്ഞാണ് ലയന സമയത്ത് മാണി ചെയർമാൻ ആയതെന്ന് ഓർമ്മിപ്പിച്ചു. ഇതോടെ താൻ വർക്കിംഗ് ചെയർമാനായിയെന്നും പി ജെ ജോസഫ് സഭയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam