
പാലക്കാട്: മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലാണ് രാത്രി പുലിയെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. നായയെ പുലി ആക്രമിക്കുന്നത് കണ്ടതായി സുധ പറഞ്ഞു. പരിക്കേറ്റ നായയെ രാവിലെ കാണാതായി.
തുടർച്ചയായി മൂന്നാം ദിവസമാണ് പുലിയെ കാണുന്നത്. രണ്ട് ദിവസം മുൻപ് ഇവിടെ ഒരു പശുവിനെ പുലി കൊന്നിരുന്നു. പിന്നീട് വനം വകുപ്പ് കെണി വെച്ചെങ്കിലും പുലി ഇതിന് സമീപത്തെത്തി തിരികെ പോയി. വീണ്ടും പുലിക്കായി വനം വകുപ്പ് കെണിയൊരുക്കിയെങ്കിലും ഇന്ന് മേലേ ധോണിയിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്.
പുലിയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ വീണ്ടും രംഗത്ത് വന്നു. മൂന്നു ദിവസമായി ഉറക്കമില്ലെന്നും കൂടു വെച്ചു പോയതല്ലാതെ വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നും ഇവർ ആരോപിക്കുന്നു. കൂട്ടിലിട്ട ചത്ത പശുക്കിടാവിനെ എടുത്തു കളയാൻ പോലും തയാറായില്ല. വേണമെങ്കിൽ വീട്ടുടമ എടുത്ത് കുഴിച്ചിടൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകിയതായി പുലിക്കോട്ടിൽ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സികെ ശശീന്ദ്രന്റെ വാഹനമിടിച്ച് കാൽനട യാത്രികർക്ക് പരിക്ക്
സഹകരണ ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാനും കൽപ്പറ്റ മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രന്റെ (C K Saseendran) ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് (Pedestrians) പരിക്ക് (Injury). വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീൻ, ഭാര്യ ബാബിത, മകൻ മുഹമ്മദ് സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്.
സി കെ ശശീന്ദ്രൻ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിന് ശേഷം ഡ്രൈവർ അച്യുതൻ സമീപത്തുള്ള കൽപ്പറ്റ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
ലാവണ്യയുടെ മരണത്തിൽ അന്വേഷണം
തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത കേസിൽ ( Lavanya Suicide Case) സിബിഐ (CBI) എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തു. സ്കൂൾ മാനേജ്മെന്‍റ് മതപരിവർത്തനത്തിന് (Religious Conversion) നിർബന്ധിച്ച് മാനസികപീഡനത്തിന് ഇരയാക്കിയതിനാണ് കുട്ടി ജീവനൊടുക്കിയത് എന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ മാസം 19നാണ് തഞ്ചാവൂർ മൈക്കിൾപട്ടി സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയായിരുന്ന ലാവണ്യ ജീവനൊടുക്കിയത്.
പ്രാദേശിക വിശ്വഹിന്ദു പരിഷത് പ്രവർത്തകൻ മതപരിവർത്തന ആരോപണം ഉയർത്തിയതിനെ തുടർന്ന് ലാവണ്യയുടെ മരണം വിവാദമായിരുന്നു. പ്രദേശം സന്ദർശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ നാലംഗ സമിതിയെ നിയോഗിച്ചതോടെ കേസ് ദേശീയ ശ്രദ്ധയിലെത്തി. ഇതിനിടെയാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്
ജനുവരി 9നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു. കുട്ടിയുടെ ആരോപണത്തിൽ വാർഡനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. വാാർഡനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിദ്യാർത്ഥിയെക്കൊണ്ട് വാർഡൻ അഡ്മിനിസ്ട്രേഷൻ, മെയിന്റനൻസ് ഭാഗങ്ങൾ വൃത്തിയാക്കിച്ചുവെന്ന് ആരോപിച്ചിരുന്നു.