കുടുംബത്തോടെ ക്രിസ്തുമതത്തിലേക്ക് മാറാൻ വാ‍ർഡൻ തുട‍ർച്ചയായി നി‍ർബന്ധിച്ചിരുന്നുവെന്നും ഇത് നിഷേധിച്ചതിന് വിദ്യാ‍ർത്ഥിനിയെ അപമാനിച്ചുവെന്നുമാണ് ഉയരുന്ന ആരോപണം

ചെന്നൈ: ഹോസ്റ്റൽ വാ‍ർഡൻ അപമാനിച്ചെന്ന് ആരോപിച്ച് വിഷം കഴിച്ച വിദ്യാ‍ർത്ഥിനി മരിച്ചു (Suicide). കുടുംബത്തോടെ ക്രിസ്തുമതത്തിലേക്ക് മാറാൻ (Religious Conversion) വാ‍ർഡൻ തുട‍ർച്ചയായി നി‍ർബന്ധിച്ചിരുന്നുവെന്നും ഇത് നിഷേധിച്ചതിന് വിദ്യാ‍ർത്ഥിനിയെ അപമാനിച്ചുവെന്നുമാണ് (Abuse) ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വീഡിയോ ഇപ്പോൾസോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

രണ്ട് വ‍ർഷം മുമ്പ് അവ‍ർ എന്നോടും കുടുംബത്തോടും ക്രിസ്തുമാതത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്റെ വിദ്യാഭ്യാസം നോക്കിക്കൊള്ളാമെന്നും അവ‍ർ പറഞ്ഞു. - പെൺകുട്ടി ഇങ്ങനെ പറയുന്നത് കേൾക്കാവുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മതം മാറാത്തതിൽ അവ‍ർ ഉപദ്രവിച്ചിരുന്നോ എന്ന ചോദ്യത്തിന് കുട്ടി ചിലപ്പോൾ എന്ന് മറുപടി പറയുന്നതും വീഡിയോയിൽ കേൾക്കാം. മതംമാറ്റ ആരോപണത്തിൽ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടു. 

ജനുവരി 9നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു. കുട്ടിയുടെ ആരോപണത്തിൽ വാ‍ർഡനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു. വാാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാ‍ർത്ഥിയെക്കൊണ്ട് വാ‍ർഡൻ അഡ്മിനിസ്ട്രേഷൻ, മെയിന്റനൻസ് ഭാ​ഗങ്ങൾ വൃത്തിയാക്കിച്ചുവെന്ന് ആരോപിച്ചിരുന്നു. 

കുട്ടിയുടെ മരണമൊഴി റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇതിൽ മതംമാറ്റമെന്ന ആരോപണം ഇല്ലെന്നും എന്നാൽ അതും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പക‍ർത്തിയയാളെ തിരയുന്നുണ്ടെന്നും പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടി ആരാണെന്ന് പുറത്തുവിട്ടത് നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി.