
കൽപ്പറ്റ: കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം.
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam