
പാലക്കാട്: പ്രതി ചെന്താമരയെ പേടിച്ച് ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില. ആദ്യം അമ്മയെ നഷ്ടമായി, ഇപ്പോൾ അച്ഛനെയും എന്ന് പറഞ്ഞാണ് മാധ്യമങ്ങൾക്ക് മുന്നിൽ അഖില പൊട്ടിക്കരഞ്ഞത്. പ്രതിയെക്കുറിച്ച് കൂട്ടപ്പരാതി നൽകിയിട്ടും പൊലീസ് എന്തു ചെയ്തെന്നും അഖില രോഷത്തോടെ ചോദിച്ചു.
''എന്റെ അച്ഛനും ഇവിടുത്തെ നാട്ടുകാരും പോയ പരാതി കൊടുത്തതാണ്. എന്നിട്ട് ഇവരെന്താണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. വിളിച്ചുവരുത്തി അന്വേഷിക്കാമെന്ന് പറഞ്ഞിട്ട് പോയി. എനിക്കിവിടെ വരാൻ പേടിയായിട്ടാണ് ഞാനവിടെ തന്നെ നിന്നത്. ഡിസംബർ 29 ന് ഞാൻ വന്ന് പരാതി കൊടുത്തതാ. ഭീഷണിപ്പെടുത്തുന്നു, എനിക്ക് പേടിയാണ് എന്ന് പറഞ്ഞ്. പേടിയായത് കൊണ്ടാ അച്ഛനൊപ്പം ഞാൻ വരാതിരുന്നത്. ഞാൻ വന്നിരുന്നെങ്കിൽ ഇതു തന്നെയല്ലെ എന്റെയും അവസ്ഥ? എന്റച്ഛനും അച്ഛമ്മയുമാണ് പോയത്. എനിക്കിനി ആരാ ഉള്ളത്?'' അഖിലയുടെ ചോദ്യമിങ്ങനെ.
അതേ സമയം സുധാകരനെയും അമ്മ മീനാക്ഷിയെയും കൊലപ്പെടുത്താൻ പ്രതി ചെന്താമര ഉപയോഗിച്ച കൊടുവാൾ പൊലീസ് വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഡിസംബർ 29 ന് പ്രതി നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതി തൊട്ടടുത്തുള്ള അരക്കമലയിൽ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി ചെന്താമര രക്ഷപ്പെട്ടിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. പ്രതി ചെന്താമരക്കായി തമിഴ്നാട്ടിേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ സഹോദരനുമായി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam