
പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനത്തിന്റെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന വിമർശനവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട് ചിലർ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം നാട്ടുകാർ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും വനംമന്ത്രി പറഞ്ഞു.
മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് ആൺ പുലി കുടുങ്ങിയത്. പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. കോഴിക്കൂടിന്‍റെ നെറ്റിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂട്ടിൽ നിൽക്കുകയായിരുന്നു. ഇതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും എത്തി. പുലി കോഴിക്കൂട്ടിൽ നിന്ന് പുറത്തേക്ക് ചാടാതിരിക്കാൻ ചുറ്റും വല കെട്ടി സുരക്ഷയൊരുക്കി. ജനങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. മയക്കുവെടി വെച്ച് പുലിയെ പിടിക്കാനായിരുന്നു ശ്രമം. എന്നാൽ 7.15 ഓടെ പുലി ചത്തു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാനദണ്ഡപ്രകാരമായിരിക്കും നടത്തുക. എൻടിസി മാനദണ്ഡ പ്രകാരമുള്ള കമ്മിറ്റിയുടെ സംന്നിധ്യത്തിലാവും പോസ്റ്റ്‌മോർട്ടം. ഇതിൽ ഒരു സൂവോളജിസ്റ്, രണ്ട് വെറ്ററിനറി ഡോക്ടർമാർ, ഒരു തദ്ദേശ സ്ഥാപന പ്രതിനിധി, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഒരു പ്രതിനിധി എന്നിവരുണ്ടാകും. പുലിയുടെ ജഡം തിരുവിഴാംകുന്നു ഫോറസ്റ്റ് സ്റ്റേഷനിലാണ് ഇപ്പോൾ ഉള്ളത്.
പോസ്റ്റമോർട്ടത്തിന് ശേഷം ജഡം കത്തിക്കും. അതേസമയം പ്രദേശത്ത് വന്യമൃഗ ശല്യം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കടുവ, പുലി, പോത്ത്, ആന എന്നിവയുടെ ശല്യം സ്ഥിരമായുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പുലികളെ ഇതേ ഭാഗത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam