പനിയടക്കം രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം, ശ്രദ്ധ വേണം, വയനാട്ടിൽ എലിപ്പനി കൂടുന്നു

Published : Aug 31, 2025, 06:14 PM IST
Leptospirosis

Synopsis

2024ൽ ജില്ലയിൽ 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 സംശയിക്കുന്ന കേസുകളുമുണ്ടായി. 25 പേർ മരണപ്പെട്ടു.

കൽപ്പറ്റ : വയനാട്ടിൽ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനിൽക്കുന്നതിനാൽ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് അറിയിച്ചു. 2024ൽ ജില്ലയിൽ 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 സംശയിക്കുന്ന കേസുകളുമുണ്ടായി. 25 പേർ മരണപ്പെട്ടു. 2025ൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 45 സ്ഥിരീകരിച്ച കേസുകളും 102 സംശയിക്കുന്ന കേസുകളുമുണ്ടായിട്ടുണ്ട്. 18 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്കരുമാണ്. പട്ടികവർഗ മേഖലയിലുള്ളവരും ഉൾപ്പെടുന്നു.

ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടികൊണ്ടു പോയവരാണ് ഭൂരിഭാഗവും. എലിപ്പനി ബാധക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴും ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക കഴിക്കാത്തവരും ഇതിൽ ഉൾപ്പെടുന്നു.

പ്രായഭേദമന്യേ ആർക്കും എലിപ്പനി ബാധിക്കാമെന്നും നേരത്തേ ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമായി മരണം സംഭവിക്കാമെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു. എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി.

വെള്ളത്തിലും, ചെളിയിലും കലരുന്ന മൃഗമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ലെപ്റ്റോസ്‌പൈറ ബാക്ടീരിയകൾ കാലിലെയും മറ്റും ചെറിയ മുറിവുകളിലൂടെയോ നേർത്ത തൊലിയിലൂടെയോ ശരീരത്തിലെത്തി എലിപ്പനി രോഗബാധയുണ്ടാക്കുന്നു. തലവേദനയോടുകൂടിയ പനിയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം. രോഗാവസ്ഥയനുസരിച്ച് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നു.

നേരത്തേ കണ്ടെത്തി ചികിത്സിച്ചിച്ചില്ലെങ്കിൽ കരൾ, വൃക്ക, ശ്വാസകോശം എന്നിവയെയൊക്കെ ബാധിച്ച് മരണം സംഭവിച്ചേക്കാം. പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ശരിയായ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യുക എന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനും മരണം തടയുന്നതിനുമുള്ള മാർഗ്ഗം.

സ്ഥിര മദ്യപാനവും ലഹരി ഉപയോഗവും ലക്ഷണങ്ങളെ അവഗണിക്കുന്നതിനും രോഗം മൂർച്ഛിക്കുംവരെ ചികിത്സ നീട്ടി കൊണ്ടുപോകുന്നതിനും ഇടയാക്കും. ഇത്തരം ശീലങ്ങളുള്ളവരിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മൃഗങ്ങളുടെ മൂത്രവുമായി സമ്പർക്കമുണ്ടാകാവുന്ന സാഹചര്യങ്ങൾ വയനാട് ജില്ലയിലെ വനാതിർത്തികളിലും തോട്ടങ്ങളിലും മറ്റും കൂടുതലാണ്.

എലി മാത്രമല്ല എലിപ്പനിയുണ്ടാക്കുന്നത്. നനവുള്ള പ്രദേശങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്കുചാലുകൾ, വയലുകൾ, കുളങ്ങൾ, മലിനമായ സ്ഥലങ്ങൾ തുടങ്ങി എവിടെയും മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്നിട്ടുണ്ടാവാം. അവിടെ ചെരുപ്പിടാതെ നടക്കുന്നത് എലിപ്പനി ക്ഷണിച്ചു വരുത്തും. ശരിയായ ബൂട്ടുകളും ഗ്ലൗസുമില്ലാതെ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടരുത്. കുട്ടികളെ ചെളിയിലും വെള്ളത്തിലും കളിക്കാൻ വിടരുത്. വീട്ടിൽ കഴിച്ച് ബാക്കിയുള്ള ഭക്ഷണം തുറന്നിടരുത്. വീടും പരിസരവും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും എലികൾ പെരുകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുകയും ചെയ്യണം.

മാലിന്യവുമായും മലിനജലവുമായും സമ്പർക്കമുണ്ടായാൽ സോപ്പിട്ട് നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

മണ്ണുമായും മാലിന്യങ്ങളുമായും സമ്പർക്കമുണ്ടാകുന്ന തൊഴിലുകളിലേർപ്പെടുന്നവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നും സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ, ആരോഗ്യപ്രവർത്തകർ പറയുന്ന അളവിലും രീതിയിലും കഴിക്കണം. ഡോക്സിസൈക്ലിൻ എലിപ്പനി വരാതെ പ്രതിരോധിക്കുന്നതിനും രോഗം ഗുരുതരമാകാതിരിക്കുന്നതിനും സഹായിക്കുന്നു. 

വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ, ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക, നേരത്തേയുള്ള ചികിത്സ എന്നിവയിലൂടെ എലിപ്പനി പൂർണ്ണമായി തടയുന്നതിനും എലിപ്പനി മൂലമുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനും കഴിയും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്