
തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്തത് വാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് മുതിർന്ന നേതാവും പരിപാടിയുടെ മുഖ്യ സംഘാടകനുമായിരുന്ന എംഎം ഹസ്സൻ. ആര് കേസെടുത്തു, എന്തിന് കേസെടുത്തു എന്നറിയില്ല. സാങ്കേതിക തകരാറിന് കേസെടുത്തെന്ന് കേട്ടപ്പോൾ അദ്ഭുതം തോന്നി. ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും താനതിനെക്കുറിച്ച് പറയുന്നില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു. രാഹുൽഗാന്ധിയടക്കമുള്ളവർ പങ്കെടുക്കുന്ന പരിപാടികളിലും രഞ്ജിത്തിന്റെ മൈക്കാണ് ഉപയോഗിക്കുന്നത്. ഹൗളിംഗ് ഉണ്ടായത് ഒരു സാങ്കേതിക തകരാറാണെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു.
അതേസമയം, മൈക്ക് തടസ്സപ്പെട്ട സംഭവത്തിൽ കേസെടുത്തതിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. സംഭവത്തിൽ ഒരു പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പൊലിസ് പറയുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്റേറ്റിൽ പരിശോധനക്കയക്കാൻ കേസെടുക്കണം. അത് കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പലതരത്തിലുളള അഭ്യൂഹങ്ങൾ വന്നപ്പോൾ പരിശോധിക്കാൻ പൊലിസ് തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു.
മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്ത് എഫ്ഐആറിട്ടിരിക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.
നടക്കുന്നത് പരിശോധന മാത്രം; മൈക്ക് തടസ്സപ്പെട്ട സംഭവത്തിൽ കേസെടുത്തതിൽ പ്രതികരണവുമായി പൊലീസ്
https://www.youtube.com/watch?v=-NYDGnaN38k