
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിൽ കേരളം നിൽക്കെ, സോഷ്യൽ മീഡിയയിൽ വൈറലായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽ. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ 24 മണിക്കൂറിനുള്ളിൽ കണ്ടത് 52 ലക്ഷത്തിലധികം ആളുകളാണ്. വണ്ടി പ്രേമികളായ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കേരളത്തിൽ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പ് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾക്കെതിരെ വലിയ പിഴയും ആർസി ബുക്ക് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഈ നിയന്ത്രണങ്ങൾ കാരണം നിരാശരായ വലിയൊരു വിഭാഗം യുവാക്കൾ സംസ്ഥാനത്തുണ്ട്. ഇത്തരക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് വി.ഡി സതീശന്റെ പുതിയ പ്രഖ്യാപനം.
വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് തെറ്റല്ലെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇത്തരം മോഡിഫിക്കേഷനുകൾക്ക് നിയമപരമായ അനുമതി നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 'പ്രകടനപത്രികയിൽ ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അല്ലാത്ത മോഡിഫിക്കേഷനുകൾ ചെറുപ്പക്കാർക്ക് ആഗ്രഹമല്ലേ? അവരത് ഭംഗിയായി കൊണ്ടുനടക്കട്ടെ,' വി.ഡി സതീശൻ പറഞ്ഞു.
കേരളം പ്രളയക്കെടുതി അനുഭവിച്ച സമയത്ത് ഓഫ്-റോഡ് വാഹനങ്ങളുമായി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ യുവാക്കളുടെ സേവനത്തെയും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. അന്ന് വലിയ പിന്തുണ നൽകിയവരെ പിന്നീട് ഉദ്യോഗസ്ഥർ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന സാഹചര്യം ഉണ്ടായെന്നും, അത് ഗൗരവമായി ആലോചിച്ചാണ് യുഡിഎഫ് ഇത്തരമൊരു നിലപാടിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായ ഒന്നാണ് യുവ വോട്ടർമാരുടെ നിലപാട്. ഡിജിറ്റൽ യുഗത്തിൽ ഇൻസ്റ്റഗ്രാം റീലുകൾക്കും സോഷ്യൽ മീഡിയ ട്രെൻഡുകൾക്കും വലിയ സ്വാധീനമുണ്ട്. 52 ലക്ഷത്തിലധികം കാഴ്ചക്കാരെ കിട്ടിയ വീഡിയോയിലൂടെ വലിയൊരു വിഭാഗം യുവാക്കളുടെ പിന്തുണ ഉറപ്പാക്കാൻ വി.ഡി സതീശന് കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫ് ക്യാമ്പിലെ വിലയിരുത്തൽ. കമന്റ് ബോക്സുകളിൽ വണ്ടി പ്രേമികളിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഈ പിന്തുണ തെരഞ്ഞെടുപ്പ് പെട്ടിയിൽ യുഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam