ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഭാര്യയെയും രണ്ട് മക്കളെയും, തനിക്കെതിരെ പരാതി നൽകിയ 17-കാരിയെയും അമ്മയെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഭാര്യയെയും രണ്ട് മക്കളെയും, തനിക്കെതിരെ പരാതി നൽകിയ 17-കാരിയെയും അമ്മയെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. 35-കാരനായ രാജ്കുമാർ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്‌തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഷാബാദിലെ വീട്ടിൽ വെച്ച് രാജ്കുമാർ ആദ്യം ഭാര്യ പാർവ്വതി സരിതയെയും (30), മക്കളായ നാല് വയസ്സുകാരനെയും 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനുശേഷം 6 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് പോയി, തനിക്കെതിരെ പോക്‌സോ കേസ് നൽകിയ 17 വയസ്സുള്ള പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ സ്വന്തം അച്ഛനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷമാണ് ഒളിവിൽ പോയത്.

മെയ് 16-നാണ് 17-കാരിയായ പെൺകുട്ടി രാജ്കുമാറിനെതിരെ പീഡന പരാതി നൽകിയത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് സംഭവത്തിന് 10 ദിവസം മുമ്പാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു. സംഭവസ്ഥലങ്ങളിൽ ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

YouTube video player