
ദില്ലി: കോൺഗ്രസിനുള്ളിൽ കത്ത് വിവാദം വീണ്ടും പുകയുന്നു. നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കത്തെഴുതിയ പ്രമുഖ നേതാക്കൾ രംഗത്ത്. നേതൃത്വത്തോടുള്ള കൂറിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസിൽ സ്ഥാനങ്ങൾ തീരുമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൻറെ പൂർണ്ണ രൂപം പുറത്തു വന്നു. ജനസ്വീകാര്യതയുള്ളവരെ പിസിസി അദ്ധ്യക്ഷൻമാരായി നിയമിക്കാൻ നടപടി വേണമെന്ന നിർദ്ദേശവും കത്തിലുണ്ട്.
പാർട്ടി ഇപ്പോഴത്തെ സ്ഥിതിക്ക് 50 വർഷം പ്രതിപക്ഷത്തിരിക്കും എന്ന ഗുലാംനബി ആസാദിൻറെ തുറന്നു പറച്ചിലിന് പിന്നാലെയാണ് കപിൽ സിബൽ അതൃപ്തി ആവർത്തിക്കുന്നത്. പാർട്ടിയിൽ നേതാവിനോടുള്ള കൂറിൻറെ അടിസ്ഥാനത്തിൽ പലതും തീരുമാനിക്കുന്നു. ഇതിനൊപ്പം പാർട്ടിയോടുള്ള കൂറാണ് പ്രധാനം. കത്തെഴുതിയത് മാറ്റങ്ങൾക്ക് വേണ്ടിയാണ്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ലക്ഷ്യം വച്ചല്ല. എന്നാൽ പ്രവർത്തകസമിതി യോഗത്തിൽ ഉൾപ്പടെ ചിലർ കത്തെഴുതിയവരെ ആക്രമിച്ചപ്പോൾ നേതൃത്വം മൗനം പാലിച്ചെന്ന് സിബൽ കുറ്റപ്പെടുത്തി.
പാർട്ടിക്കകത്ത് തുറന്ന ചർച്ച വേണം. അകൽച്ച കൂടുമ്പോൾ തെറ്റിദ്ധാരണയും കൂടും. പാർട്ടിക്ക് സജീവ പൂർണ്ണസമയ പ്രസിഡൻറ് വേണം എന്ന് വാദിക്കുന്നതിൽ എന്താണ് തെറ്റെന്നും കപിൽ സിബൽ ചോദിച്ചു. കത്ത് ചോർത്തിയത് നേതൃത്വത്തോട് ചേർന്ന് നില്ക്കുന്നവർ പാർട്ടവിരുദ്ധ നീക്കമായി കാണുമ്പോൾ കത്തിൻറെ പൂർണ്ണരൂപവും പുറത്തു വന്നു. പാർട്ടിയിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് സമിതിയും സ്ക്രീനിംഗ് കമ്മിറ്റികളും വേണം. സംസ്ഥാനങ്ങളിൽ സ്വീകാര്യത ഉള്ളവരെ പിസിസി അദ്ധ്യക്ഷൻമാരാക്കണം. ഡിസിസി വരെ ഹൈക്കമാൻഡ് തീരുമാനിക്കാതെ പിസിസികൾക്ക് സ്വാതന്ത്ര്യം നല്കണമെന്ന നിർദ്ദേശവും കത്തിലുണ്ട്. പാർട്ടിയിൽ തുടങ്ങിയ നീക്കം വഴിയിൽ ഉപേക്ഷിക്കേണ്ടതില്ലെന്ന് തന്നെയാണ് എതിർപ്പ് ഉയർത്തിയവരുടെ തീരുമാനം. എഐസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരം നടക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് വ്യക്തമാക്കുന്ന സിബൽ കത്തെഴുതിയ നേതാക്കൾ ഏത് ദിശയിലാണ് നീങ്ങുന്നത് എന്ന സൂചന നല്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam