
കൊച്ചി : ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്‍റെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്‍റെ പേരിൽ രണ്ട് കേസുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ ഇ ഡി, കോടതിയെ അറിയിച്ചത്. 'ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിന്‍റേതാണ്. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിൽ നിന്നും സ്വപ്ന സുരേഷിൽ നിന്നും ഇത് സംബന്ധിച്ച് മൊഴി കിട്ടിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേർഡ് തീവ്രവാദത്തിനാണ് പ്രതികൾ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്‍റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ട്. മുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് ശിവശങ്കർ ജാമ്യം നേടിയത്. എന്നാൽ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിപ്പിച്ചു'. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.
നിദാ ഫാത്തിമ മരിച്ചതെങ്ങനെ? ഇനിയും പുറത്ത് വരാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്, അധികൃതർക്കും മൗനം
എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി ഇഡി ശിവശങ്കറിനെ നേരത്തെ അറസ്റ്റുചെയ്തതല്ലേയെന്നും ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസ് എടുക്കുന്നതെന്നും കോടതി ചോദിച്ചു. സ്വർണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷൻ അഴിമതി ബോധ്യപ്പെട്ടതായിരുന്നു ഇഡിയുടെ മറുപടി. ആദ്യ കേസിൽ തന്നെ രണ്ടാമത്തെ ആരോപണവും അന്വോഷിക്കാമായിരുന്നില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ശിവശങ്കറിന്‍റെ അഭിഭാഷകന്‍റെ സൗകര്യം പരിഗണിച്ച് കേസിന്‍റെ തുടർവാദം നാളത്തേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam