
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. കൊച്ചി ഇ ഡി ഓഫീസിലെ ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു.
ഇന്നലെയും രവീന്ദ്രനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷും ശിവശങ്കറും ഉൾപ്പെട്ട ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ സി എം രവീന്ദ്രന് അറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു.
Also Read: സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ശിവശങ്കർ; വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്
ലൈഫ് മിഷൻ കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.