
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ ഒരാഴ്ചക്കകം വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക നിഗമനം.
ലൈഫ് മിഷൻ അഴിമതിക്കേസിൽ മൊഴികളും രേഖകളും ഏറെ കുറേ വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു. ലൈഫ് മിഷൻ സിഇഒ യു വി ജോസ്, ലൈഫ്മിഷനിലെ എഞ്ചിനിയർമാർ, വടക്കാഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥർ, മുൻ കണ്‍സള്‍ട്ടൻ്റ് ഹാബിറ്റാറ്റ് ശങ്കർ, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ, ഇടനിലക്കാരനായി പ്രവർത്തിച്ച യദു, പണമിടപാട് നടന്ന ബാങ്കിലെ ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷ്, സന്ദീപ്, ശിവശങ്കർ എന്നിവരുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്.
ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ആദ്യഘട്ട ചോദ്യം ചെയ്യലിൽ മറച്ചുവച്ച യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം. കൈക്കൂലി നൽകുന്നതിന് മുമ്പ് സ്വപ്നയുടെ നിർദ്ദേശ പ്രകാരം ശിവശങ്കറിനെ കണ്ടുവെന്നാണ് സന്തോഷ് കേന്ദ്ര ഏജൻസികള്‍ക്ക് നൽകിയിരുന്ന മൊഴി. സന്തോഷ് ഈപ്പനെ ചോദ്യം ചെയ്ത ശേഷമാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. കോടതി അനുമതി ലഭിച്ചാൽ സ്വപ്നയുടെയും മൊഴി ദിവസങ്ങള്‍ക്കകം രേഖപ്പെടുത്തും. ഇതിനുശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്‍റെ ലംഘനമില്ലെന്നും ലൈഫ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം മതിയെന്നുമാണ് സർക്കാർ നിലപാട്. ക്രമക്കേട് നടന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കരാർ കമ്പനിയും ഇനിയും കണ്ടെത്തേണ്ട ഉദ്യോഗസ്ഥരും വ്യക്തികളുമാണ് എഫ്ഐആറിലുള്ളത്. പ്രാഥമിക റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞോ, ഉദ്യോഗസ്ഥരെ ആരെയെങ്കിലും പ്രതിചേർത്ത് മുന്നോട്ടുപോയോ തുടങ്ങിയ വിവരങ്ങൾ അന്വേഷണ സംഘത്തിന് വ്യക്തമാക്കേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam