അനാഥരായ 3 പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച് ലൈഫ് മിഷന്‍; മൂത്തകുട്ടിക്ക് കുടുംബമില്ലെന്ന് വിചിത്രവാദം

By Web TeamFirst Published Feb 5, 2023, 7:48 AM IST
Highlights

ലൈഫ് പദ്ധതിക്ക് ആവശ്യമായ എല്ലാ രേഖകളും കുട്ടികള്‍ ശരിയാക്കി. രണ്ട് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്

മലപ്പുറം: ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച് ലൈഫ് മിഷന്‍ അധികൃതര്‍. ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് ഉന്നയിക്കുന്നത്. താനൂര്‍ നന്നന്പ്ര പഞ്ചായത്തിലെ പെണ്‍കുട്ടികളുടെ ദയനീവസ്ഥ മനസിലാക്കി മൂന്നു സെന്റ് സ്ഥലം അയല്‍വാസി വിട്ടു നല്‍കിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് എക്ലൂസീവ്

 

രേഷ്മ, രശ്മി ഇളയവള്‍ കൃഷ്ണപ്രിയ. ഈ സഹോദരികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടമായതാണ്. ഒരു തുണ്ട് ഭൂമിയുണ്ടായിരുന്നില്ല. മുത്തശ്ശിയും അമ്മാവനും കുടുംബവുമെല്ലാം ചേര്‍ന്ന് താമസിക്കുന്ന വീടാണ് ഏക ആശ്രയം. അവിടുന്നിറങ്ങാന്‍ പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ പെരുവഴിയാകും.

ഈ ദയനീയത കണ്ടാണ് അയല്‍വാസി മൂന്ന് സെന്റ് സ്ഥലം ഇവര്‍ക്ക് എഴുതി നല്‍കിയത്. ലൈഫ് പദ്ധതിക്ക് ആവശ്യമായ എല്ലാ രേഖകളും കുട്ടികള്‍ ശരിയാക്കി. രണ്ട് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. എഗ്രിമെന്റ് ഒപ്പിടുന്ന ഘട്ടത്തിലാണ് നന്നമ്പ്ര പഞ്ചായത്ത് തടസവാദം ഉന്നയിച്ചത്. രേഷ്മക്ക് സ്വന്തമായി കുടുംബം ഇല്ലെന്നും കല്യാണം കഴിച്ചാലേ വീട് അനുവദിക്കാനാകൂവെന്നുമാണ് അധികൃതരുടെ വാദം

പ്രായമായ മുത്തശ്ശി ഇത്രയും കാലം കൂലിപ്പണിക്ക് പോയാണ് മൂന്ന് പേരെയും വളര്‍ത്തിയത്. ഇവരെ പ്രയാധിക്യം വല്ലാതെ അലട്ടുന്നുണ്ട്. എന്തെങ്കിലും സംഭവിക്കും മുമ്പ് ഈ കുട്ടികൾക്ക് അടച്ചുറപ്പുള്ള ഒരു വീട് കിട്ടണമെന്ന് കരഞ്ഞപേക്ഷിക്കുകയാണ് മുത്തശി. രേഷ്മയും ഡിഗ്രി പൂര്‍ത്തിയാക്കിയ രശ്മിയും കുറച്ചു മാസമായി ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നുണ്ട് . ഇളയ പെണ്‍കുട്ടി ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്.ജില്ലാ ലൈഫ് മിഷന്റെ മുന്നില്‍ ഈ പ്രശ്നം അവതരിപ്പിച്ചപ്പോള്‍ അവരും കൈ മലര്‍ത്തുകയാണെന്ന് പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നു.

click me!