
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതെന്ന് വിവരം. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിവേകിന്‍റെ പങ്കിനെ കുറിച്ച് 2023 ഇൽ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. യൂണിറ്റാക് എം ഡി സന്തോഷ് ഈപ്പന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിനിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കുന്നതും അറസ്റ്റ് ചെയ്തതും. എന്നാൽ, വിവേക് ഹാജരാകാതിരിന്നിട്ടും ഇഡിയുടെ തുടർ നടപടി നിലച്ചതിലെ ദുരൂഹത തുടരുകയാണ്. മകന് സമൻസ് അയച്ചത് മുഖ്യമന്ത്രി പാർട്ടിയിലും വിശദീകരിച്ചില്ല എന്നാണ് സൂചന. സമൻസ് പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ഇ ഡി സമൻസ് അയച്ചത്. എന്തിന്‍റെ പേരിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്. 2023ൽ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നായിരുന്നു സമൻസിലുള്ളത്. എന്നാൽ വിവേക് അന്ന് ഹാജരായിരുന്നില്ല. ലൈഫ് മിഷൻ കേസ് വിവാദം കത്തി നിൽക്കുന്ന സമയത്താണ് വിവേകിന് ഇ ഡി സമൻസ് അയച്ചത്. സ്വപ്ന സുരേഷിനും സരിത്തിനും ഇ ഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷൻ വാങ്ങിയെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, വിവേകിനെതിരെ ഇ ഡി തുടർനടപടി എടുത്തിരുന്നില്ല. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നുള്ള ആക്ഷേപം അന്നുതന്നെ കോൺഗ്രസ് ഉയർത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam