
കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവിസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പത്ത് മണിക്കൂറാണ് ചോദ്യം ചെയ്തത്. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി മുഹമ്മദ് അനസിനേയും സിബിഐ ഇന്ന് ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് സിബിഐ.
ഇന്നലെ വടക്കാഞ്ചേരി നഗരസഭാ ഓഫീസ് റെയ്ഡ് ചെയ്ത സിബിഐ, ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. സിബിഐ എത്തുന്നതിനും രണ്ട് ദിവസം മുൻപേ വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തിയ സംസ്ഥാന വിജിലൻസ് സംഘം നിർണായകമായ നിരവധി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. ലൈഫ് മിഷനിൽ സംസ്ഥാനം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഫയലുകളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥനും ഹാജരാകണം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ ഓർഡിനൻസ് ഇറക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഓർഡിനൻസിനെതിരെ ആദ്യം ഗവർണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാൽ കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള നിയമ നിർമ്മാണം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഇത്തരമൊരു കാര്യം തന്റെ അറിവിലില്ലെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam