ലൈഫ് മിഷൻ കോഴ ഇടപാട്: നാളെ ഹാജരാക്കാൻ കഴിയില്ലെന്ന് എം ശിവശങ്കർ, ഇഡിയെ അറിയിച്ചു

By Web TeamFirst Published Jan 30, 2023, 6:36 PM IST
Highlights

നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ല എന്നാണ് എം ശിവശങ്കർ ഇമെയിൽ വഴി അറിയിച്ചത്.

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് എം ശിവശങ്കർ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചു. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ല എന്നാണ് എം ശിവശങ്കർ ഇമെയിൽ വഴി അറിയിച്ചത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി അറിയിച്ചു.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Also Read: 'താന്‍ ശിവശങ്കറിന്‍റെ പാര്‍വ്വതി, കൗമാരക്കാരനെ പോലെ അദ്ദേഹം പ്രണയാതുരനായി'; 'ചതിയുടെ പത്മവ്യൂഹ'വുമായി സ്വപ്ന

ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നുവെന്നും  സ്വപ്ന സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ 6 കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്ന സുരേഷ് ആവർത്തിച്ചത്.  ഇഡി ശേഖരിച്ച തെളിവുകളിൽ ഉന്നത സ്വാധീനത്താൽ  കൃത്രിമം നടത്തിയോ എന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. കോഴ പണം ലഭിച്ചവരിൽ എം ശിവശങ്കർ ഉണ്ടെന്ന് കേസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരായ സരിതും പറ‌ഞ്ഞിരുന്നു. അതേസമയം,  ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

click me!