എന്‍ഐഎ കസ്റ്റഡിയില്‍ ആവുന്നത് വരെ, അതയാത് കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഉള്ള യാത്രയുടെ സമയം വരെ താന്‍ അദ്ദേഹത്തിന്‍റെ പാര്‍വ്വതി തന്നെയായിരുന്നുവെന്നും സ്വപ്നയുടെ പുസ്തകത്തില്‍ പറയുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് 'ചതിയുടെ പത്മവ്യൂഹം' എന്ന് പേരിട്ടിട്ടുള്ള സ്വപ്നയുടെ പുസ്കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016ലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നത്.
2017 പകുതിയോടെ അങ്ങേയറ്റം ദൃഡമായ ഒരു ബന്ധമായി അത് മാറിയിരുന്നു. 2016ൽ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് കടത്തി നൽകി. അതിൽ കറൻസിയായിയുന്നു. ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണ് ബാഗ് കടത്തിയത്. തന്നോട് പറഞ്ഞത് മുഖ്യമന്ത്രി മറന്നുവച്ചതാണെന്നാണ്. മന:പൂർവ്വം മറന്നതാണോ എന്ന് ഇന്ന് സംശയിക്കുന്നുവെന്നും സ്വപ്നയുടെ പുസ്തകത്തില്‍ പറയുന്നു. 'ചതിയുടെ പത്മവ്യൂഹം' എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലെ ഏഴാമധ്യായത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ശിവശങ്കറുമായുള്ള ബന്ധം സ്വപ്ന പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്. താൻ ശിവശങ്കറിന്‍റെ പാർവ്വതിയായിരുന്നു. എന്ത് വില കൊടുത്തും എത്ര താണും താനുമായുള്ള ബന്ധം നിലനിർത്താൻ ശിവശങ്കർ ശ്രമിച്ചു. തന്നോട് കൗമാരക്കാരനെ പോലെ ശിവശങ്കർ പ്രണയാതുരനായി പെരുമാറിയെന്നും സ്വപ്ന എഴുതുന്നു. ഇത്രയും വലിയ പദവിയില്‍ ഇരിക്കുന്ന ഒരു മനുഷ്യന്‍ ഒരു ടീനേജ് ലൗവറിനെ പോലെ പ്രണയാതുരനാവുന്നതും കരയുന്നതും വാശിപിടിക്കുന്നതുമൊക്കെ അത്ഭുതവും ആഹ്ളാദവും നല്‍കുന്നുണ്ടായിരുന്നു.
എന്‍ഐഎ കസ്റ്റഡിയില്‍ ആവുന്നത് വരെ, അതയാത് കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഉള്ള യാത്രയുടെ സമയം വരെ താന്‍ അദ്ദേഹത്തിന്‍റെ പാര്‍വ്വതി തന്നെയായിരുന്നുവെന്നും സ്വപ്നയുടെ പുസ്തകത്തില്‍ പറയുന്നു. ശിവശങ്കരന്‍റെ പാര്‍വ്വതി എന്നാണ് പുസ്കത്തിലെ ആദ്യ അധ്യായത്തിന് സ്വപ്ന പേര് നല്‍കിയിരിക്കുന്നത്. മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
