ഇഴഞ്ഞിഴഞ്ഞ് വിജിലൻസ്; ലൈഫ് മിഷൻ കൈക്കൂലി കേസിൽ ഒരുമാസമായിട്ടും മൊഴിയെടുപ്പ് പോലും നടന്നില്ല

By Web TeamFirst Published Oct 26, 2020, 11:29 AM IST
Highlights

ലൈഫ് മിഷനിലെ ഫയലുകളെല്ലാം സിബിഐ എത്തും  മുമ്പേ വിജിലൻസ് കസ്റ്റഡിയിലെടുത്തു. സ്വന്തം നിലക്ക് തുടങ്ങിയ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തും വിജിലൻസ് അന്വേഷണത്തിന്‍റെ പേര് പറഞ്ഞാണ്. 

തിരുവനന്തപുരം: ലൈഫ് മിഷൻ കൈക്കൂലിക്കേസിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിൽ തെളിവ് ശേഖരണം പോലും തുടങ്ങാതെ സംസ്ഥാന വിജിലൻസ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സ്വപ്ന സുരേഷിന്‍റെയോ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെയോ മൊഴിയെടുക്കാൻ പോലും അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും വിജിലൻസ് തയ്യാറായിട്ടില്ല. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ കേസ് സിബിഐ ഏറ്റെടുക്കുമെന്ന സൂചനകൾക്കിടെയായിരുന്നു വിജിലൻസ് അന്വേഷണ പ്രഖ്യാപനം   ലൈഫ് മിഷനിലെ ഫയലുകളെല്ലാം സിബിഐ എത്തും  മുമ്പേ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വന്തം നിലക്ക് തുടങ്ങിയ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തും വിജിലൻസ് അന്വേഷണത്തിന്‍റെ പേര് പറഞ്ഞാണ്. 

ആഘട്ടത്തിൽ ദ്രുതഗതിയിലായിരുന്നു വിജിലൻസിൻറെയും നീക്കം. കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ യുണിടാക്ക് എംഡി സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ സിഇഒ യുവി ജോസ്, ബാങ്ക് ഉദ്യോഗസ്ഥർ, വടക്കാ‌ഞ്ചേരി നഗരസഭ ഉദ്യോഗസ്ഥർ എന്നിവരുടെയല്ലാം മൊഴിയെടുത്തു. ഫ്ലാറ്റിന്‍റെ ബലപരിശോധന വേണമെന്ന് അന്വേഷണ സംഘം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടും നൽകി. പക്ഷെ ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം ഭാഗികമായി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വിജിലൻസ് അന്വേഷണവും മെല്ലെപ്പോക്കിലായി. 

സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ വിജിലൻസ് കോടതിയെ സമീപിച്ചില്ല. കോടതി അനുമതിയുണ്ടായാൽ മാത്രമേ ജയിൽ കഴിയുന്നവരെ ചോദ്യം ചെയ്യാനാകൂ. കോടതിയുടെ അനുമതി എപ്പോൾ തേടുമെന്ന് വിജിലൻസ് വിശദീകരിക്കുന്നില്ല. എം ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള ശ്രമവും  നടത്തിയിട്ടില്ല. അന്വേഷണ ഭാഗമായി ധാരണപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മൊഴിയും ശേഖരിക്കേണ്ടതായി വരും.

പക്ഷെ അന്വേഷണത്തിന്‍റെ തുടർ നടപടികളെ കുറിച്ച് വിജിലൻസ് ഒന്നും പറയുന്നില്ല. യൂണിടാക്ക് സെയിന്‍റ് വെഞ്ചേഴ്സ് എന്നീ സ്ഥാപനങ്ങളും തിരിച്ചറിയാനുള്ള സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളുമാണ് വിജിലൻസ് എഫ്ഐആറിലെ നിലവിലെ പ്രതികൾ. ചുരുക്കത്തിൽ സിബിഐക്ക് തടയിടാൻ പേരിനുള്ള പ്രഖ്യാപനമായി വിജിലൻസ് അന്വേഷണം മാറിയോ എന്ന സംശയം ബലപ്പെടുന്നു.

click me!