
തിരുവനന്തപുരം: ലൈഫ് മിഷൻ യുഎഇ റെഡ് ക്രസന്‍റ് കരാറുമായി ബന്ധപ്പെട്ട വിവാദ രേഖകൾ സിബിഐക്ക് കൈമാറേണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഇനി കോടതി നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. ലൈഫ് മിഷൻ കോഴ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് തൊട്ട് മുമ്പ് നാടകീയമായാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ എത്തുന്നതിന് മുമ്പ് തന്നെ ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തി വിജിലൻസ് സംഘം കരാറുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതെ രേഖകൾ സിബിഐ അന്വേഷണത്തിലും ഏറെ പ്രധാനമാണ്.എന്നാൽ കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം ഈ രേഖകൾ വിട്ടു നൽകില്ലെന്നാണ് വിജിലൻസ് നിലപാട്. രേഖകളെല്ലാം വിജിലൻസ് സംഘം തിരുവനന്തപുരത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകൾ അന്വേഷണ സംഘത്തിന് നൽകി. ഈ സാഹചര്യത്തിൽ കോടതി ഇടപെട്ടാൽ മാത്രം രേഖകൾ നൽകാം എന്നാണ് വിജിലൻസ് നിലപാടെടുക്കുന്നത്. ലൈഫ് ധാരണാപത്രം, ഇതിലേക്ക് നയിച്ച മറ്റ് രേഖകൾ, നിയമവകുപ്പിന്‍റെതടക്കം വിവാദമായ ഫയലുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.അടിസ്ഥാന രേഖകളില്ലാതെ എങ്ങനെ സിബിഐ അന്വേഷണം മുന്നോട്ട് പോകും എന്ന ചോദ്യവും ഇതോടെ ബാക്കിയാകുകയാണ്.
അതിനിടെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം തുടങ്ങി. ലൈഫ് കോഴ തട്ടിപ്പിൽ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ചോദ്യം ചെയ്യാനായി എൻഐഎ കോടതിയെ വിജിലൻസ് സമീപിക്കും. സന്തോഷ് ഈപ്പന്‍റെയും സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും ബാങ്ക് വിശദാംശങ്ങളും വിജിലൻസ് തേടിയിരുന്നു.
.അതെ സമയം ലൈഫ് മിഷൻ ഇടപാടിൽ സിബിഐ മൊഴിയെടുക്കൽ തുടരുകയാണ്. ലൈഫ് മിഷൻ ഡെപ്യൂട്ടി സിഇഒ സാബുക്കുട്ടൻ നായർ, ചീഫ് എഞ്ചിനീയർ അജയകുമാർ എന്നിവരാണ് കൂടുതൽ രേഖകളുമായി കടവന്ത്രയിലെ സിബിഐ ഓഫീസിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam