ജനുവരി 14 ന് രാവിലെ 10.00 മണിക്ക് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും
തിരുവനന്തപുരം: അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു. 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിലാകും കലോത്സവം അരങ്ങേറുക. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10.00 മണിക്ക് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയെന്ന് മന്ത്രിമാർ അറിയിച്ചു. അറബിക് കലോത്സവവും ഒപ്പം നടക്കുമെന്നും മന്ത്രിമാർ വിവരിച്ചു. ഇതിനൊപ്പം തന്നെ കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനാണ് സമഗ്ര കവറേജിനുള്ള പുരസ്കാരം ലഭിച്ചത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന് സംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത്. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 14 ന് രാവിലെ 10.00 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജനുവരി 18 ന് സമാപന സമ്മേളനം നടക്കും. മുഖ്യാതിഥിയായി മലയാളത്തിന്റെ അഭിമാന താരം പത്മഭൂഷൺ മോഹൻലാൽ പങ്കെടുക്കും.
പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസിൽ വെച്ച് നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവൺമെന്റ് മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയായ ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു എന്നിവർ മുഖ്യരക്ഷാധികാരികളായും, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സംഘാടകസമിതി ചെയർമാനായും കലോത്സവത്തിന് നേതൃത്വം നൽകുന്നു. എ.സി. മൊയ്തീൻ എം.എൽ.എ ആണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഐ.എ.എസ് ആണ് ജനറൽ കോർഡിനേറ്റർ.
5 ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ തൊണ്ണൂറ്റിയാറ് ഇനങ്ങളും, ഹയർ സെക്കന്ററി വിഭാഗത്തിൽ നൂറ്റിയഞ്ച് ഇനങ്ങളും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും അറബിക് കലോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും ആണ് ഉള്ളത്. മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് തൃശൂരിൽ ഒരുങ്ങുന്നത്. കലോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്കും മത്സരഫലങ്ങൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ ഈ കലോത്സവത്തെ ഒരു വലിയ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ചുകൊണ്ട്. അനിൽ ഗോപൻ തയ്യാറാക്കിയ ലോഗോ ആണ് അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുത്തിട്ടുള്ളത്.
മാധ്യമ പുരസ്‌കാരം
രണ്ടായിരത്തി ഇരുപത്തിനാല് - ഇരുപത്തിയഞ്ച് വർഷത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിക്കുകയും ജേക്കബ് ജോർജ്ജ്, രാജീവ് ശങ്കരൻ, വി.സലിൻ, വി.പി. അശ്വതി, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറി പരിശോധിക്കുകയും താഴെ പറയുന്ന മാധ്യമങ്ങളെയും വ്യക്തികളെയും അവാർഡിനായി തെരഞ്ഞെടുക്കുകയും ചെയ്തു. അവാർഡ് ജേതാക്കൾക്ക് ശിൽപവും പാരിതോഷികവും വ്യക്തികൾക്ക് ഇരുപതിനായിരം രൂപയും സ്ഥാപനങ്ങൾക്ക് ഇരുപത്തി അയ്യായിരം രൂപയും നൽകുന്നു.
Kerala School Kalolsavam
മലയാളം അച്ചടി മാധ്യമം
മികച്ച റിപ്പോർട്ടർ - രാകേഷ് കെ നായർ, മാതൃഭൂമി - കാടിറങ്ങി അവരെത്തി, നിശാഗന്ധി പൂ വിരിയിച്ചു.
മികച്ച റിപ്പോർട്ടർ - പ്രത്യേക ജൂറി പരാമർശം ആകാശ് മലയാള മനോരമ (തീപ്പാട് മായിച്ച കല), പി ബി ബിച്ചു, മെട്രോ വാർത്ത
(ഗോത്ര താളം ഹൃത്തിലേറ്റി പഞ്ചാബി സുന്ദരി, അരങ്ങിൽ തീകൊളുത്തി വെള്ളാർമലയുടെ വെള്ളപ്പൊക്കത്തിൽ).
മികച്ച ഫോട്ടോഗ്രാഫർ - സുമേഷ് കൊടിയത്ത്, ദേശാഭിമാനി.
മികച്ച സമഗ്ര കവറേജ് - ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ
മികച്ച കാർട്ടൂൺ - ടി.കെ സുജിത്ത്, കേരള കൗമുദി
ഇംഗ്ലീഷ് അച്ചടി മാധ്യമം
മികച്ച റിപ്പോർട്ടർ - ശരത് ബാബു ജോർജ്ജ്, ദി ഹിന്ദു, സോവി വിദ്യാധരൻ, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്
മികച്ച ഫോട്ടോഗ്രാഫർ - വിൻസെന്റ് പുളിക്കൽ, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്
മികച്ച സമഗ്ര കവറേജ് - ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്
ദൃശ്യ മാധ്യമത്തിനുള്ള അവാർഡുകൾ
മികച്ച റിപ്പോർട്ടർ - രാഹുൽ ജി നാഥ്, മാതൃഭൂമി ന്യൂസ്, വി.എസ് അനു, ന്യൂസ് മലയാളം.
മികച്ച റിപ്പോർട്ടർ- പ്രത്യേക ജൂറി പരാമർശം - ഉമേഷ് ബാലകൃഷ്ണൻ, ട്വന്റി ഫോർ ന്യൂസ്, അഞ്ജന അജിത്, ന്യൂസ് മലയാളം
മികച്ച ക്യാമറാമാൻ - കെ.ആർ മുകുന്ദൻ, ഏഷ്യാനെറ്റ് ന്യൂസ്
മികച്ച ക്യാമറാമാൻ - പ്രത്യേക ജൂറി പരാമർശം - ഷൈജു ചാവശ്ശേരി, ട്വന്റി ഫോർ ന്യൂസ്, ബബീഷ് കക്കോടി, മീഡിയ വൺ
മികച്ച സമഗ്ര കവറേജ് - ഏഷ്യാനെറ്റ് ന്യൂസ്
മികച്ച സമഗ്ര കവറേജ് - പ്രത്യേക ജൂറി പരാമർശം - ന്യൂസ് മലയാളം
ഓൺലൈൻ മീഡിയ
കച്ച സമഗ്ര കവറേജ് - കൈരളി ന്യൂസ്, മാധ്യമം
ശ്രവ്യ മാധ്യമം - ക്ലബ് എഫ്.എം നൈന്റി ഫോർ പോയിന്റ് ത്രീ
കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാം
നമ്മുടെ കുട്ടികളെ പ്രാപ്തിയുള്ള പൗരന്മാരായി മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുകയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനാലാണ് മത്സരത്തിൽ നിന്ന് ഭക്ഷണം വരെ, ഉപഭോഗത്തിൽ നിന്ന് പെരുമാറ്റം വരെ, കാലോത്സവത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉത്തരവാദിത്തത്തിന്റെ വലിയ പാഠം ഉൾപ്പെടുത്തുന്നത്. ജയപരാജയങ്ങളെ അതിജീവിച്ച്, എല്ലാ കുട്ടികളെയും “വിജയികളായി” കാണാൻ പഠിപ്പിക്കുന്ന പാഠമാണിത്. തോൽവിയെ സംയമനത്തോടെ സ്വീകരിക്കാനും, മറ്റ് കൂട്ടുകാരുടെ വിജയത്തിൽ സന്തോഷിക്കാനും പഠിക്കുന്ന കുട്ടികൾ ആണ് ജീവിതത്തിൽ യഥാർത്ഥ വിജയികൾ. ചടങ്ങുകൾ ആഘോഷമാകണം, എന്നാൽ പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത രീതിയിൽ എന്ന സന്ദേശമാണ് ഇവിടെ മുന്നോട്ടുവയ്ക്കുന്നത്. വേദിയിലുള്ളവർക്ക് കേൾക്കാൻ മതിയാകുന്ന ശബ്ദനിലയ്ക്ക് സൗണ്ട് സിസ്റ്റം നിയന്ത്രിച്ച്, കുട്ടികളുടെ ശ്രവ്യശേഷിക്ക് ദോഷകരമായ അതിരുകടന്ന ശബ്ദ മലിനീകരണം ഒഴിവാക്കണം. ജീവിതശൈലി രോഗങ്ങളും കാൻസറും വർധിക്കുന്ന കാലത്ത്, കാലോത്സവം “ആരോഗ്യകരമായ ഭക്ഷണം” എന്ന മാതൃക ഉയർത്തിക്കാട്ടുന്നു. അധിക ഷുഗർ, എണ്ണ, ജങ്ക്‌ഫുഡ് എന്നിവ ഒഴിവാക്കി, പച്ചക്കറികളും പഴങ്ങളും അടങ്ങിയ നാട്ടിൻപുറത്തെ ആരോഗ്യകരമായ ഭക്ഷണമാണ് ഇവിടെയുള്ള സന്ദേശം; ഇതോടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും പിന്തുണ ഉറപ്പാക്കുന്നു.
പേപ്പർ കപ്പ്, പ്ലാസ്റ്റിക് സാധനങ്ങൾ, മിനറൽ വാട്ടർ ബോട്ടിൽ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവയ്ക്ക് കർശന വിലക്ക് ഏർപ്പെടുത്തി, സ്വന്തം വെള്ളക്കുപ്പി കൊണ്ടുവരാനും, പരിസ്ഥിതി സൗഹൃദ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. കരുണ, പങ്കിടൽ, പരസ്പരം സഹായിക്കൽ, മത്സരാർത്ഥികൾക്കിടയിലും സൗഹൃദം, കൂട്ടായ്മ — ഇവയെല്ലാം ഒരുമിച്ച് കുട്ടികളുടെ സ്വഭാവനിർമ്മാണത്തിന്റെ അടിത്തറയായി ഇവിടെ ഉയർത്തിക്കാട്ടുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ഡിജിറ്റൽ അടിമത്വം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ പോലുള്ളവ വഴി, ആസ്വാദനത്തെയും വിനോദത്തെയും ഉത്തരവാദിത്തത്തോടെ സമീപിക്കുന്നതിന്റെ സന്ദേശം കാലോത്സവം കുട്ടികളിലേക്കെത്തിക്കുന്നു. ഈ കാലോത്സവം വേദിയിലെ പ്രോഗ്രാം മാത്രമല്ല; നമ്മുടെ പൊതു വിദ്യാഭ്യാസം ഉത്തരവാദിത്തമുള്ള ഒരു തലമുറയെ ഒരുക്കാനുള്ള സാമൂഹിക പ്രതിജ്ഞയാണ്. എല്ലാ അധ്യാപകരോടും, വിദ്യാർത്ഥികളോടും, രക്ഷിതാക്കളോടും ഈ ഉത്തരവാദിത്ത യാത്രയിൽ കൈകോർക്കാൻ അഭ്യർത്ഥിക്കുന്നു.


