വെളിച്ചമില്ലാത്ത ഒറ്റമുറി വീട്ടിൽ തുടങ്ങി, സിനിമാ റീൽ പോലെ യുവസംവിധായകൻ അരുണിന്റെ ജീവിതം

Published : Jun 25, 2022, 08:15 PM IST
വെളിച്ചമില്ലാത്ത ഒറ്റമുറി വീട്ടിൽ തുടങ്ങി, സിനിമാ റീൽ പോലെ യുവസംവിധായകൻ അരുണിന്റെ ജീവിതം

Synopsis

വൈദ്യുതിയില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നും മലയാള സിനിമാ ലോകത്തേക്ക്എത്തിയിരിക്കുകയാണ് അരുൺരാജ് എന്ന യുവസംവിധായകൻ. പള്ളിപ്പാട് കോയിത്തറയിൽ വീട്ടിൽ രാജൻ-ഉഷ ദമ്പതികളുടെ മകൻ ആണ് അരുൺരാജ്

ഹരിപ്പാട്: വൈദ്യുതിയില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നും മലയാള സിനിമാ ലോകത്തേക്ക്എത്തിയിരിക്കുകയാണ് അരുൺരാജ് എന്ന യുവസംവിധായകൻ. പള്ളിപ്പാട് കോയിത്തറയിൽ വീട്ടിൽ രാജൻ-ഉഷ ദമ്പതികളുടെ മകൻ ആണ് അരുൺരാജ് (30). കുട്ടിക്കാലം മുതൽ തന്നെ സിനിമ എന്ന മോഹം മനസ്സിൽ കൊണ്ടു നടന്ന അരുൺ രാജ് ഇപ്പോൾ അത് പൂർത്തീകരിച്ച സംതൃപ്തിയിലാണ്. 

മൂന്ന് ചിത്രങ്ങളുടെ സംവിധാനവും, ക്യാമറയും നിർവഹിച്ച അരുൺ രാജ് ഈ രംഗത്ത് തന്റെ വരവറിയിച്ചു കഴിഞ്ഞു. കുട്ടിക്കാലത്ത് വിവാഹങ്ങളിലും പങ്കെടുക്കാൻ പോകുമ്പോൾ ക്യാമറാമാന്റെ ലൈറ്റ് പിടിക്കുക എന്നതായിരുന്നു അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം. അന്നു തന്നെ ഉള്ളിൽ മികച്ച ഒരു ഛായാഗ്രാഹകനായി അറിയപ്പെടണം എന്നുള്ളതായിരുന്നു അരുണിന്റെ മോഹം. 

ബിഎസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ അരുൺരാജ് തന്റെ ഇഷ്ട മേഖലയിൽ എത്താൻ നിരവധി ദുരിതങ്ങളാണ് താണ്ടിയത്. ഡിഗ്രി പഠന കാലത്ത് കോസ്റ്റ് ഗാർഡ് ആയി ജോലി ലഭിച്ച വിശാഖപട്ടണത്ത് പരിശീലനത്തിനായി പോയെങ്കിലും തന്റെ മേഖല ഇതല്ല എന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. സാമ്പത്തിക പരാധീനത ഉള്ള അരുണിന്റെ വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നു. 

Read more: കല്യാണക്കലവറയിലെ ഉയ്യാരം പയ്യാരം, അതുക്കും മീതെ, അതിന്റെ സിനിമാക്കഥ!

വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്കു മുൻപിൽ പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ നാടുവിടുകയും പിന്നീട്, കൂത്താട്ടുകുളത്ത് തട്ടുകടയിൽ ജോലി ചെയ്തു. പിന്നീട് എറണാകുളത്ത് പാലാരിവട്ടത്തെ ഒരു ഹോട്ടലിൽ വെയിറ്റർ ആയി ജോലി ചെയ്യുകയും ചെയ്തു. 2010 മുതൽ 16 വരെയുള്ള ഹോട്ടലിലെ തന്റെ ജീവിതത്തിനിടയിൽ ആണ് വീണ്ടും സിനിമ രംഗത്തേക്ക് കടന്നുവരാൻ ഉള്ള അവസരങ്ങൾ ഉണ്ടായത്. 

2016 ശേഷം സിനിമാ മേഖലയിലെ ചില്ലറ ജോലികൾ ചെയ്തു സിനിമയെ പറ്റി കൂടുതൽ അറിവുകൾ നേടി. ഹോട്ടലിലെ ജോലിക്കിടയിൽ പരിചയപ്പെട്ട പ്രൊഡക്ഷൻ കൺട്രോളർ വിനോദ്, പ്രൊഡ്യൂസറും നടനുമായ ബിനു സത്യൻ തുടങ്ങിയവരാണ് അരുൺരാജിന്റെ സിനിമയിലേക്കുള്ള പാത ഒരുക്കിയത്. 2019 ലാണ് അരുൺ തന്റെ ആദ്യ ചിത്രമായ മുട്ടുവിൻ തുറക്കപ്പെടും സംവിധാനവും ക്യാമറയും ചെയ്യുന്നത്. 

കൊവിഡിന്റെ നിയന്ത്രണങ്ങൾ വന്നതോടെ ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് നടന്നില്ല. ഈ ജൂലൈ യിൽ ചിത്രം തിയേറ്ററുകളിലെത്തും. 2020ൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച മെമ്മറിസ് ഓഫ് മർഡർ എന്ന ഷോർട്ട് ഫിലിമിന് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും അരുൺ രാജിന് മികച്ച സംവിധായകനും ഛായാഗ്രാഹകനും ഉള്ള അവാർഡ് നേടിക്കൊടുത്തു. 

ജൂൺ മൂന്നിന് തീയേറ്ററുകളിലെത്തിയ വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചതും അരുണാണ്. നെറ്റ്ഫ്ലിക്സിൽ റിലീസിന് തയ്യാറാകുന്ന കുരിശ് എന്ന ചിത്രത്തിന്റെ സംവിധാനവും ക്യാമറയും അരുൺ ആണ്. അരുൺ കഥ എഴുതി ക്യാമറയും സംവിധാനവും ചെയ്യുന്ന ദേവനന്ദ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഇതിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. പ്രശസ്തരായ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.  

Read more:27 വര്‍ഷങ്ങള്‍ക്കു ശേഷം 'ഹൈവേ'യ്ക്ക് രണ്ടാംഭാഗം; സുരേഷ് ഗോപിക്കൊപ്പം ജയരാജ്

വൈദ്യുതി ഇല്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നും അരുൺ ഇത്രയും ഉയരത്തിൽ എത്തിയതോടെ വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിമാനമായി മാറി. അരുണിന്റെ തീരുമാനം ശരിയാണെന്ന് ഇന്ന് എല്ലാവരും ഇപ്പോൾ ഒരേ സ്വരത്തിൽ പറയുന്നു. ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയ ഭാര്യ നിത്യയും മാതാപിതാക്കളോടൊപ്പം അരുണിന് പൂർണ പിന്തുണയാണ് നൽകുന്നത്. സഹോദരി നിത്യ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ