
തിരുവനന്തപുരം: യുഎഇയിലെ റെഡ് ക്രസന്‍റിന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കൈമാറാൻ മുൻകൈയ്യെടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. റെഡ് ക്രസന്‍റിന് താല്പര്യമുണ്ടെന്ന കത്ത് ധാരണാപത്രം ഒപ്പിടുന്നതിന്‍റെ തലേ ദിവസമാണ് ശിവശങ്കർ ലൈഫ് മിഷന് നൽകുന്നത്. ധാരണാപത്രത്തിന്‍റെ കരട് കൈമാറിയത് ഒപ്പിടുന്ന ദിവസം രാവിലെ മാത്രം.
ലൈഫ് മിഷനിലെ റെഡ് ക്രസന്‍റ് സഹായത്തിലെ ദുരൂഹത കൂട്ടുന്ന കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വപ്ന സുരേഷിന് ഒരു കോടിയിലേറെ കമ്മീഷൻ കിട്ടിയ ഇടപാടിന് മുൻകൈ എടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കർ ആയിരുന്നു. 2019 ജൂലൈ 11നാണ് റെഡ് ക്രസന്‍റ് സംഘവും ലൈഫ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത്. റെഡ് ക്രസന്‍റ് പ്രതിനിധികളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം നിൽക്കുന്ന ഫോട്ടോ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ അദ്ദേഹം തന്നെ ഷെയർ ചെയ്തിരുന്നു.
എന്നാൽ വിദേശ സ്ഥാപനം വഴിയുള്ള വൻ തുകയുടെ സഹായവും ധാരണപത്രം ഒപ്പിടുന്നതും ലൈഫ് മിഷനെ ഔദ്യോഗികമായി അറിയിക്കുന്നത് തലേ ദിവസം മാത്രമാണ്. 2019 ജുലൈ പത്തിനാണ് റെഡ് ക്രെസന്‍റുമായി ധാരണാപത്രം ഒപ്പിടുന്ന കാര്യം ലൈഫ് മിഷനെ ശിവശങ്കർ അറിയിക്കുന്നത്. ധാരണാപത്രത്തിന്‍റെ കരട് ലൈഫ് മിഷന് നൽകുന്നത് ഒപ്പിട്ട ദിവസം രാവിലെ മാത്രം. അന്ന് തന്നെ നിയമോപദേശം തേടി ധാരണാപത്രം ഒപ്പിട്ടു. അതായത് റെഡ് ക്രസന്‍റിന്‍റെ കാര്യത്തിൽ നടന്നത് ശരവേഗത്തിലുള്ള ഉന്നത ഇടപെടൽ ആണ്.
അതിവേഗം നടന്ന ഈ ഇടപെടലുകളിലെ സംശയങ്ങൾ ശക്തമാകുമ്പോഴും സർക്കാറിന് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ തദ്ദേശഭരണമന്ത്രിയും പറയുന്നു. ഇടപാട് വിവാദത്തിലായിരിക്കെ ധാരണാപത്രം ഇതുവരെ സർക്കാർ പുറത്തുവിടുന്നുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam