തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Aug 13, 2020, 12:35 PM IST
Highlights

വിദേശത്തുള്ള പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും ഈ സമയം ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതുൾപ്പെടെയുള്ള കസ്റ്റംസ് വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കൊച്ചി: തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സെയ്തലവി എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. മറ്റൊരു പ്രതിയായ സംജുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ കോടതിയുടേതാണ് നടപടി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് മൂവരും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. സ്വപ്നയുടെ കുറ്റസമ്മതമൊഴിക്കൊപ്പം മറ്റു തെളിവുകളുമുണ്ട്. ബാഗിൽ സ്വർണ്ണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സ്വപ്ന ബാഗ് തിരിച്ചയക്കാൻ ശ്രമിച്ചതെന്നും ഉന്നത സ്വാധീനമുപയോഗിച്ചാണ് സ്വപ്ന കേരളത്തിൽ നിന്ന് കടന്നതെന്നും കസ്റ്റംസ് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചിരുന്നു.

വിദേശത്തുള്ള പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും ഈ സമയം ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതുൾപ്പെടെയുള്ള കസ്റ്റംസ് വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടൊപ്പം കേസിലെ പ്രതികളായ സെയ്തലവി, സംജു, മുഹമ്മദ് അബ്ദു ഷമീം, അബ്ദു പിടി, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സി വി എന്നീ 8 പേരുടെ റിമാൻഡ് കാലാവധി ഈ മാസം 25 വരെ നീട്ടി. 

click me!