
മലപ്പുറം : ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ചികിത്സയോടൊപ്പം ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കായിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. 'ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് ഒരു ബദൽ സമൂഹത്തിന്റെ ആവശ്യമാണെന്നും ആരോഗ്യബോധവും കായിക ക്ഷമതയും വളർത്തുക എന്നതാണ് ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന്റെ പ്രധാന ലക്ഷ്യമെന്നും ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയുടെയും ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള സൈക്കിൾ റാലിയുടെയും ഫ്ലാഗ് ഓഫ് ചടങ്ങാണ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചത്.
ഡിസംബർ 26ന് കാസർകോട് നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ഞായർ രാവിലെ 6.30 ന് മലപ്പുറം കോട്ടക്കൽ വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലാണ് സ്വീകരണം നൽകിയത്. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖാതിഥിയായി. കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറുന്നത് ആശങ്കാജനകമാണെന്നും അവ തടയുന്നതിന് അടിയന്തര നടപടികൾ അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഈ ക്യാംപയിൻ പൊതുസമൂഹത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷിബുലാൽ അധ്യക്ഷത വഹിച്ചു. മലപ്പുറം എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. വി.ഫിറോസ് ഖാൻ, ഡി.എം.ഒ (ഐ.എസ്.എം) ഇൻ ചാർജ് ഡോ. പി.എ അബ്ദുൽ സലാം,
ഡി.എം.ഒ (ഹോമിയോ) ഡോ. ഹന്നാ യാസ്മിൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ.പ്രവീണ , കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ബിന്ദു എന്നിവർ സംസാരിച്ചു. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ. അനൂപ് സ്വാഗതവും ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ കെ.പി.സാദിഖലി നന്ദിയും പറഞ്ഞു.
മലപ്പുറത്തെ സ്വീകരണത്തിന് ശേഷം കോട്ടക്കലിൽ നിന്നും ജില്ലാ കളക്ടർ വി.ആർ വിനോദ് ന്റെ നേതൃത്വത്തിൽ ആരംഭിച്ച റോഡ് ഷോയും സൈക്കിൾ റാലിയും പുത്തനത്താണി , പട്ടർനടക്കാവ് വഴി കുറ്റിപ്പുറത്തു അവസാനിച്ചു. പുത്തനത്താണിയിൽ പ്രചാരണ റാലിയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ ആതവനാട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മറിയാമ്മ, എം.കെ സക്കരിയ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഖുറൈശി എന്നിവർ സംസാരിച്ചു. തിരുനാവായ പട്ടർനടക്കാവിലെ സ്വീകരണ ചടങ്ങ് കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ സമാപന ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വസീമ വേളേരി മുഖ്യാതിഥിയായി. റാലിയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. ഷിബുലാൽ, ഡോക്ടർ വി. ഫിറോസ് ഖാൻ, ഡി.പി.എം. ഡോ. ടി.എൻ. അനൂപ് തുടങ്ങിയവർ ബോധവത്ക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആയുഷ് , ആരോഗ്യം , ഐ.സി.ഡി.എസ് , എക്സൈസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗ ഡാൻസ് ,സി.പി.ആർ. പരിശീലനം ,കോൽക്കളി കളരിപ്പയറ്റ്, യോഗ പരിശീലനം, ന്യൂട്രീഷ്യൻ ക്ലാസ്, നാടൻ പാട്ട്, പുള്ളുവൻ പാട്ട്, സംഘഗാനം, ആശമാരുടെ ഒപ്പന, ഹെൽത്തി ഫുഡ് ഫെസ്റ്റ്, സെൽഫി കോർണർ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ആശാ വർകർമാർ ,ട്രോമാ കെയർ വോളണ്ടിയർമാർ, ബസ് ജീവനക്കാർ, പൊതു ജനങ്ങൾ തുടങ്ങിയവർ സൈക്കിൾ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam