മദ്യവിതരണ ആപ്പിൽ അനിശ്ചിതത്വം തുടരുന്നു, കൊവിഡ് കാലത്തെ പുതിയ അഴിമതിയെന്ന് ചെന്നിത്തല

By Web TeamFirst Published May 23, 2020, 3:09 PM IST
Highlights

ആപ്പ് രൂപകൽപന ചെയ്യാൻ ഏൽപിച്ചത് സിപിഎം സഹയാത്രികരെയാണെന്ന് രമേശ് ചെന്നിത്തല. ആപ്പിന്റെ പ്രവർത്തനം ഏത് ഘട്ടത്തിലാണെന്ന് എക്സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവർത്തനസജ്ജമാകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസിന് പോലും അറിയില്ല.
 

തിരുവനന്തപുരം: മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാനായി നിർമ്മിക്കുന്ന മൊബൈൽ ആപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾ സർക്കാരിന് തലവേദനയാവുന്നു. ബുധനാഴ്ച ആപ്പ് വഴി മദ്യവിൽപന തുടങ്ങുമെന്നായിരുന്നു ആദ്യം വന്ന അറിയിപ്പെങ്കിലും ഈ ആഴ്ചയിൽ ആപ്പ് പ്ലേ സ്റ്റോറിലെത്തില്ലെന്ന് വ്യക്തമായി. 

അടുത്ത ആഴ്ച ആപ്പ് ലോഞ്ച് ചെയ്യുമെന്ന് പറയുന്നെങ്കിലും എപ്പോൾ എത്തും എന്ന കാര്യത്തിൽ എക്സൈസ് വകുപ്പിനോ ആപ്പ് നിർമ്മിക്കുന്ന കമ്പനിക്കോ കൃത്യമായ ഉത്തരമില്ല. ഇതിനിടെ ആപ്പ് നിർമ്മിക്കുന്ന കമ്പനി സിപിഎം  സഹയാത്രികരുടേതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയതോടെ വിവാദം കൂടുതൽ കനക്കുകയാണ്. 

അതേസമയം മദ്യവിതരണത്തിനുള്ള ആപ്പ് വൈകിയത് കൊണ്ട് സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ബെവ്ക്യൂ ആപ്പിന് സ്റ്റാര്‍ട്ടപ്പിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിന് പരാതികളോന്നും  ലഭിച്ചിട്ടില്ല. ഗൂഗിളിന്‍റെ അനുമതി ലഭിച്ചാല്‍ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബെവ് ക്യൂ ആപ്പ് നിര്‍മ്മിച്ച ഫെയര്‍കോഡ് കമ്പനിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന്  എക്സൈസ്മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ആപ്ലിക്കേഷൻ നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. 

അതിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയേണ്ട കാര്യമില്ല. സോഫ്റ്റുവെയർ കമ്പനിയെ തെരഞ്ഞെടുത്തത് ഐടി വകുപ്പാണ്, എക്സൈസ് വകുപ്പല്ല. ഈ കമ്പനിക്ക് ഇതിനുള്ള ശേഷിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടന്നതെന്നും മന്ത്രി വിശദീകരിച്ചു.

ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിക്കാനുള്ള അവസാന ഘട്ട നടപടികളാണ് ഇപ്പോള്‍ പുരോഗിമിക്കുന്നത്  നിലവിൽ ബീവറേജ് ഷോപ്പുകളുടെ മുന്നിലുള്ള വലിയ ക്യൂ ഇല്ലാതാക്കാൻ ഇതോടെ  കഴിയുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അതേസമയം സംസ്ഥാനത്തിന് വരുമാനം കിട്ടാൻ വേണ്ടി മാത്രമാണ് മദ്യശാലകള്‍ തുറക്കുന്നതെന്ന് പ്രചരണം ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. മദ്യ വിൽപ്പനക്കുള്ള ഓൺലൈൻ ആപ്പ് സ്റ്റാർട്ടപ്പ് കമ്പനിയെ ഏൽപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നും സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അതിലെന്താണ് കുഴപ്പമെന്ന് മനസിലായില്ലെന്നാണ് തോമസ് ഐസക് ചോദിച്ചു.

അതേസമയം ആപ്പ് രൂപകൽപന ചെയ്യാൻ ഏൽപിച്ചത് സിപിഎം സഹയാത്രികരെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 10 ലക്ഷം രൂപ നിർമ്മാണ ചിലവുള്ള ആപ്പിൽ നിന്നും മാസ വരുമാനം മൂന്ന് കോടി രൂപയാണെന്നിരിക്കെ ഈ കമ്പനിയെ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്ന് ചെന്നിത്തല ചോദിച്ചു. ബെവ്കോ ആപ്പ് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഐടി മിഷനേയോ സിഡിറ്റിയോ മൊബൈൽ ആപ്പ് നിർമ്മാണം ഏൽപിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ  ഗൂഗിള്‍ ചൂണ്ടിക്കാട്ടിയ ആപ്പിലെ സുരക്ഷാ വീഴ്ച്ചകള്‍ തിരുത്തി ഫെയര്‍ കോഡ് കമ്പനി വീണ്ടും  അനുമതിക്കായി സമര്‍പ്പിച്ചു. മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനുള്ള ആപ്പിൽ  മൂന്നാംഘട്ടസുരക്ഷാപരിശോധന നടക്കുകയാണ് ഇപ്പോൾ. ബെവ് ക്യൂ എന്ന പേര് ഇതനകം പുറത്ത് വന്നതിൽ ആശങ്കയിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോൾ ടെക്നോളജിസ്. ഇതേ പേരിൽ പ്ലേ സ്റ്റോർ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താൽ ബുദ്ധിമുട്ടാകും. 

ഈ പേരിൽ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്തോയെന്ന് പരിശോധിക്കുന്നുണ്ട്. ആപ്പ് പുറത്തിറക്കുന്ന തീയതി മൂൻകൂട്ടി പ്രഖ്യാപിച്ചാൽ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. ഇപ്പോഴുള്ള പരിശോധനകൾക്ക് ശേഷമേ ഗൂഗിൾ പ്ലേസ്റ്റോറിന് അയക്കു, ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വരുന്നതിനാൽ ക്ഷമതാ പരിശോധന കർശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി. 

തിങ്കളാഴ്ചയോടെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.  അ‌‌ഞ്ച് ലക്ഷത്തിൽ താഴെ തുകക്കാണ് ആപ്പ് ടെണ്ടർ ചെയ്തതെന്നാണ് വിവരം. എന്നാൽ ആപ്പിന്റെ പ്രവർത്തനം ഏത് ഘട്ടത്തിലാണെന്ന് എക്സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവർത്തനസജ്ജമാകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസിന് പോലും അറിയില്ല.

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കുള്ള ആപ്പിന് സാങ്കേതിക അനുമതി കാത്തിരിക്കുകയാണ്. ലോക്ക് ഡൗൺ കാരണം അടച്ചിട്ട മദ്യശാലകൾ തുറക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകും. അത് ഒഴിവാക്കാൻ ഒരു സിസ്റ്റം ഉണ്ടായേ പറ്റു. അതിന് വേണ്ടിയാണ് ആപ്പിനെ കുറിച്ച് ആലോചിച്ചത്. അത് കുറ്റമറ്റ നിലയിലായിരിക്കണം നടപ്പാക്കേണ്ടത്. അതുകൊണ്ടാണ് കാലതാമസം വരുന്നത്. ആപ്പിന് ഗൂഗിളിന്റെ അനുമതി ആവശ്യമാണ്. അത് നേടാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. അധികം വൈകാതെ ആപ്പ് ഉപയോഗത്തിൽ വരുത്താനാകുമെന്നാണ് പ്രതീക്ഷ - എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ
 

click me!