
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി മാഫിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻതടവുകാരൻ. ബീഡിയും കഞ്ചാവും മദ്യവും ജയിലിൽ സുലഭമാണ്. പിടികൂടിയതിനേക്കാൾ എത്രയോ ഇരട്ടി മൊബൈൽ ഫോണുകൾ ജയിലിൽ ഉപയോഗിക്കുന്നുണ്ടെന്നും മുൻതടവുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി
ഒൻപത് മാസം ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിഞ്ഞ തളിപ്പറമ്പ് സ്വദേശിയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ കുത്തഴിഞ്ഞ സംവിധാനങ്ങളെക്കുറിച്ച് തുറന്നുപറയുന്നത്. രാഷ്ട്രീയ തടവുകാർക്കും കൊടും ക്രിമിനലുകൾക്കും ഉൾപ്പെടെ ലഹരി വസ്തുക്കൾ ജയിലിലേക്ക് എത്തുന്നു. കാര്യമായ ഒരു പരിശോധനയും ഇല്ല. ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നവർക്ക് ഗൂഗിൾ പേ വഴിയാണ് പണം നൽകുന്നത്. 400 രൂപയുടെ മദ്യം 4000 രൂപയ്ക്കും മൂന്നു കെട്ട് ബീഡി ആയിരം രൂപയ്ക്കും ജയിലിൽ കരിഞ്ചന്തയിൽ കിട്ടും. വില്പന നടത്തുന്നതും കുറ്റവാളികൾ തന്നെയാണ്.
പലതടവുകാരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും പരിശോധനകളോക്കെ പേരിനു മാത്രമാണെന്നും ജയിലിനകത്തെ മാസങ്ങളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹം തുറന്നുപറയുന്നു.