'കുടി'ക്ക് ചെലവേറി; മദ്യവില വര്‍ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍

Published : Dec 17, 2022, 11:09 AM ISTUpdated : Dec 17, 2022, 12:12 PM IST
'കുടി'ക്ക് ചെലവേറി; മദ്യവില വര്‍ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍

Synopsis

 2 % വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. ഇതോടെ സാധാരണ ബ്രാന്‍റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക.  


തിരുവനന്തപുരം:  സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. 2 % വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാന്‍റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക.  ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്‍റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 % വിൽപ്പന നികുതി വർദ്ധിക്കും. മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് മദ്യത്തിന് പുതിയ നിരക്കില്‍ വില്പന ആരംഭിച്ചത്. 

ജനുവരി ഒന്ന് മുതൽ 9 ബ്രാൻഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും വില വര്‍ദ്ധന എത്രയും വേഗം നിലവില്‍ വരുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വില വര്‍ദ്ധന നടപ്പിലാക്കിയത്. വിവിധ ബ്രാന്‍റികളുടെ വിലയില്‍ 10 രൂപ മുതലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തും. നാല് ശതമാനം വില്‍പ്പന നികുതിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് രണ്ട് ശതമാനം വര്‍ദ്ധനവ് ഉപഭോക്താവ് നല്‍കിയാല്‍ മതിയെന്ന് ബെവ്കോയുടെ അറിയിപ്പില്‍ പറയുന്നു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.  സാധാരണ ബ്രാന്‍റുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധകമാവുക.  പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ പുതിയ വിലക്ക് വിൽപ്പന തുടങ്ങുകയായിരുന്നു. 

 

 

നേരത്തെ മദ്യവില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തീരുമാനം അശാസ്ത്രീയമാണെന്നും വന്‍കിട മദ്യ കമ്പനികള്‍ക്ക് വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്. മദ്യവില അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

മദ്യ കമ്പനികള്‍ നല്‍കേണ്ടിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടാകുന്ന 150 കോടി രൂപയുടെ വരുമാന നഷ്ടം പരിഹരിക്കാനാണ് മദ്യവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വര്‍ധന കൂടിയാകുമ്പോള്‍ വിദേശ മദ്യത്തിനുള്ള വില്‍പന നികുതി 247 ശതമാനത്തില്‍ നിന്നും 251 ശതമാനമായി വര്‍ധിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ എത്തിയ എല്‍.ഡി.എഫ് അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല പൂട്ടിക്കിടന്ന 407 ബാറുകള്‍ തുറക്കുകയും 118 പുതിയ ബാറുകള്‍ക്ക് പുതുതായി അനുമതി നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയെയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പകരമായി മദ്യ വില അടിക്കടി വര്‍ധിപ്പിക്കുന്നത് തെറ്റായ സാമ്പത്തികശാസ്ത്ര രീതിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. 


കൂടുതല്‍ വായനയ്ക്ക്: 'അശാസ്ത്രീയം, കുടുംബ ബജറ്റ് താളം തെറ്റും'; മദ്യവില വര്‍ധനക്കെതിരെ പ്രതിപക്ഷ നേതാവ്

കൂടുതല്‍ വായനയ്ക്ക്: മദ്യത്തിന്റെ പൊതുവിൽപ്പന നികുതിവർധന ബില്ല് നിയമസഭ പാസാക്കി; ലാഭം മദ്യക്കമ്പനികൾക്കെന്ന് പ്രതിപക്ഷം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ