
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ വില ഉയരും. ഡിസ്റ്റ്ലറികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് വഴി സംസ്ഥാന ഖജനാവിനുണ്ടാകുന്ന 170 കോടി നഷ്ടം പരിഹരിക്കാനാണ് വിലകൂട്ടുന്നത് . തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും.
സംസ്ഥാനത്തെ ഡിസ്റ്റിലറികൾ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ ബവ്കോ നേരിട്ടത് കടുത്ത പ്രതിസന്ധി. ജനപ്രിയ ബ്രാന്റുകളൊന്നും വിൽപ്പനക്ക് വന്നില്ല. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിൽ 100 കോടി നഷ്ടം ഇതുവഴി ഉണ്ടായെന്നാണ് ബവ്കോ എംഡി സര്‍ക്കാരിനെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ശതമാനം വില സ്പിരിറ്റിന് കൂടിയ സാഹചര്യത്തിൽ ഉയർന്ന വിലയിൽ സ്പരിറ്റ് വാങ്ങി കുറഞ്ഞ നിരക്കിലുള്ശള മദ്യ ഉൽപ്പാദനം സാധ്യമല്ലെന്ന് അറിയിച്ചാണ് സംസ്ഥാനത്തെ ഡിസ്റ്റിലറി ഉടമകൾ മദ്യോത്പാദനം നിര്‍ത്തിയത്. മാത്രമല്ല ആഭ്യന്തര ഉൽപ്പാദകർക്ക് മാത്രം ബാധകമായ വിൽപ്പന നികുതിയിലും ഉണ്ടായിരുന്നു കടുത്ത പ്രതിഷേധം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങി മുന്നോട്ടുപോയാൽ ബെവ്ക്കോക്ക് ഉണ്ടാകുന്ന കനത്ത നഷ്ടം കൂടി കണക്കിലെടുത്താണ് വിറ്റുവരവ് നികുതി ഒഴിവാക്കല്‍ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയത്. വിറ്റുവരവ് നികുതി ഒഴിവാക്കുന്നത് വഴി ഉണ്ടാകുന്ന 170 കോടിയുടെ നഷ്ടം നികത്താനാണ് മദ്യവില കൂട്ടുന്നത് .
വിൽപ്പന നികുതി രണ്ടു ശതമാനം വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ധന-എക്സൈസ് വകുപ്പുകള്‍ തമ്മിലുള്ള ചർച്ചയിലെ ധാരണ. അടുത്ത മന്ത്രിസഭാ യോഗത്തിലാകും മദ്യവിലയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഇന്ന് മുതൽ ഡിസ്ലറികളിൽ മദ്യ ഉൽപ്പാദനം പുനരാരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam