
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടാന്‍ സാധ്യത. ഉത്പാദനചെലവ് കൂടിയ സാഹചര്യത്തില്‍ നഷ്ടമൊഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സർക്കാരിനെ സമീപിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കുതിച്ചുയര്‍ന്നതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. ലിറ്ററിന് 45 രൂപയുണ്ടായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 70 രൂപയാണ് വില.
ഈ സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് കമ്പനികളുടെ നിലപാട്. പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സും സ്പിരിറ്റ് വില വിര്‍ധനയുടെ ദുരിതം പേറുകയാണ്. ജനപ്രിയ ബ്രാന്‍ഡായ ജവാന്‍റെ കുറഞ്ഞ വില നിലനിര്‍ത്തുന്നത് വെല്ലുവിളിയാവുകയാണ്. പ്രതിസന്ധി ചൂണ്ടിക്കാട്ടി മദ്യ വിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറഷന് കത്ത് നല്‍കിയിട്ടുണ്ട്. മദ്യത്തിന് നിരക്ക് കൂട്ടുക, അല്ലെങ്കില്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് കുറക്കുക എന്നിവയാണ് കത്തില്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.
വരുമാന നഷ്ടമുണ്ടാകുമെന്നതിനാല്‍ നികുതി കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാന്‍ സാധ്യതയില്ല. അതിനാല്‍ സ്പിരിറ്റ് വില വര്‍ദ്ധനയുടെ ഭാരവും മദ്യപാനികളുടെ പോക്കറ്റ് ചോര്‍ത്തിയേക്കും. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ നയപരമായ തീരുമാനമുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam