
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും അടച്ചിടണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ബാറുകളും ബെവ്കോ ഔട്ട്‍ലെറ്റുകളും തുറക്കില്ല.
നാളെയും മറ്റന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.
ദീർഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിൻ, വിമാന സർവീസുകൾ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം. പാൽ, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കാം. വിൽപ്പനക്കാർ മാസ്ക് ധരിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam