
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വില്ലനായി.സംസ്ഥാനത്ത് മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ മദ്യപാനികളുടെ കാത്തിരിപ്പ് നീളുമെന്നുറപ്പായി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകളിലെ വില്‍പ്പനയെ ഇത് ബാധിച്ച സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.
കൊറോണക്കാലത്ത് ചുമത്തിയ അധിക നികുതി വേണ്ടെന്നു വക്കാനുള്ള എക്സൈസ് വകുപ്പിന്‍റെ കത്ത്, ധനവകുപ്പിന്‍റെ ശുപാര്‍ശയോടെ മന്ത്രിസഭയുടെ പരിഗണനക്ക് കൈമാറാനിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു. കൊറോണക്കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് മെയ് മാസത്തിലാണ് മദ്യത്തിന്‍റെ എക്സൈസ് നികുതി 35 ശതമാനം കൂട്ടിയത്. ഇതിനു പുറമേ മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധന കണക്കിലെടുത്ത് ഫെബ്രുവരി 1 മുതല്‍ അടിസ്ഥാന നിരക്കില്‍ 7 ശതമാനം വര്‍ദ്ധനയും വരുത്തിയിരുന്നു. പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 150 മുതല്‍ 200 രൂപ വരെയാണ് വര്‍ദ്ധനയുണ്ടായത്.
മദ്യത്തിന്‍റെ നികുതി കുറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി തേടുന്നത്, വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതക്ക് മദ്യത്തിന്‍റെ അധിക നികുതി ആശ്വാസവുമാണ്. പുതിയ സര്‍ക്കാരിന്‍റെ തീരുമാനം വരുന്നതുവരെ മദ്യവില ഉയര്‍ന്നു തന്നെയിരിക്കുമെന്നുറപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam