
തിരുവനന്തപുരം: കസ്റ്റംസിനെതിരെയും കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെ മറുപടിയുമായി മുരളീധരന്‍. വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്‍റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.
തന്‍റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാം അറിയാത്തത്. കസ്റ്റംസ് ധനകാര്യ വകുപ്പിന്‍റെ കീഴിലാണ് വരുന്നതെന്നും മുരളീധരന്‍ ഓര്‍മ്മപ്പെടുത്തി. മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്.
ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ പ്രസ്താവന നല്‍കിയതിനെ വിമര്‍ശിച്ചതിലും മുരളീധരന്‍ മറുപടി നല്‍കി. കസ്റ്റംസ് ഏജൻസി കക്ഷിയെന്നും അതിൽ മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും മുരളീധരന്‍ വിശദീകരിച്ചു. കേസിൽ എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണർ ഇത്തരത്തിൽ പ്രസ്താവന നൽകുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കിയത് സാമാന്യ വിവരം ഇല്ലാത്തയാളെന്നും മുരളീധരന്‍ പരിഹസിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവരക്കേടെന്നും അദ്ദേഹത്തെക്കൊണ്ട് വിഡ്ഢിത്തരങ്ങള്‍ പറയിച്ചെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam