'പരനാറി' പ്രയോ​ഗം മുതൽ 'കോമാളി' വരെ; തെരഞ്ഞെടുപ്പ് കാലത്ത് കേരളം കേട്ട കുത്തുവാക്കുകൾ

Published : Mar 24, 2026, 02:53 PM IST
Kerala politics

Synopsis

പിണറായി വിജയന്റെ 'ചെറ്റത്തരം', 'പരനാറി' പ്രയോഗങ്ങൾ മുതൽ തോമസ് ഐസക്കിന്റെ 'കോമാളി' പരാമർശം വരെയുള്ള വിവാദ പ്രസ്താവനകൾ വോട്ടർമാരെ സ്വാധീനിക്കുകയും വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്യുന്നു.

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരസ്യമായ ഏറ്റുമുട്ടലുകളുമെല്ലാം ഉണ്ടാകാറുണ്ട്. എന്നാൽ, പലപ്പോഴും നയപരമായ ചർച്ചകളേക്കാൾ ഉപരിയായി വ്യക്തിപരമായ അധിക്ഷേപങ്ങളിലേയ്ക്കും വിവാദ പ്രയോഗങ്ങളിലേയ്ക്കും നേതാക്കളുടെ പ്രസ്താവനകൾ വഴി മാറാറുണ്ട്. ഇത്തരം വിവാദ പ്രസ്താവനകൾ വലിയ വാർത്താപ്രാധാന്യം നേടാറുണ്ടെന്ന് മാത്രമല്ല, വോട്ടർമാരുടെ വികാരങ്ങളെ സ്വാധീനിക്കാൻ ഇത്തരം പ്രയോഗങ്ങൾ പലപ്പോഴും കാരണമാകാറുമുണ്ട്.

‘ചെറ്റത്തരം’

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇത്തവണ വിവാദങ്ങളിൽ നിറയുന്നത്. ജി സുധാകരൻ സിപിഎം വിട്ടതിനെ 'ചെറ്റത്തരം' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എന്നാൽ, താൻ ചെറ്റപ്പുരയിൽ വളർന്നവനാണെന്നും അതിൽ അഭിമാനമുണ്ടെന്നും സുധാകരൻ തിരിച്ചടിച്ചു. പരാമർശം വിവാദമായതോടെ മുഖ്യമന്ത്രി വിശദീകരണവുമായി രം​ഗത്തെത്തിയെങ്കിലും തന്റെ പ്രയോ​ഗം പിൻവലിക്കാനോ തിരുത്താനോ അദ്ദേഹം തയ്യാറായില്ല. ജി.സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം കാട്ടിയത് രാഷ്ട്രീയ ചെറ്റത്തരമാണെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശ​ദീകരിച്ചു. അത് ദശാബ്ദങ്ങളായി താന്‍ കേരളത്തിലെ പൊതുവേദികളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വാചകമാണെന്നും മുഖ്യമന്ത്രി ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘പരനാറി‘

ജി സുധാകരനെതിരെ നടത്തിയ 'ചെറ്റത്തരം' പരാമർശത്തിന് സമാനമായി 2014ൽ പിണറായി വിജയൻ തന്നെ നടത്തിയ മറ്റൊരു പ്രയോ​ഗവും വിവാദമായിരുന്നു. സമാനമായ സാഹചര്യം തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുവരെ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ആർ.എസ്.പി. യു.ഡി.എഫിലേക്ക് പോകുകയായിരുന്നു. അന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ എൻ കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ പ്രയോഗം വലിയ ചർച്ചയാകുകയും സി.പി.എം. സ്ഥാനാർഥിയായ എം എ ബേബിക്ക് കനത്ത തോൽവി നേരിടേണ്ടിയും വന്നു. 'നികൃഷ്ട ജീവി' (ബിഷപ്പിനെതിരെ), 'കുലംകുത്തി' (ടി.പി. ചന്ദ്രശേഖരനെതിരെ) എന്നിവയും അദ്ദേഹത്തിന്റെ ചർച്ച ചെയ്യപ്പെട്ട മറ്റ് വിവാ​ദ പ്രയോഗങ്ങളാണ്.

‘ചെത്തുകാരന്റെ മകൻ‘

പിണറായി വിജയനെതിരെയും സമാനമായ രീതിയിലുള്ള വിവാദ പ്രയോ​ഗങ്ങളുണ്ടായിട്ടുണ്ട്. 2021ൽ കോൺ​ഗ്രസ് നേതാവ് കെ സുധാകരനാണ് പിണറായി വിജയനെ അധിക്ഷേപിച്ചത്. 'ചെത്തുകാരന്റെ മകൻ' എന്ന സുധാകരന്റെ പ്രയോ​ഗം ഏറെ വിവാദമായി. ചെത്തുകാരന്റെ വീട്ടിൽ നിന്ന് ഉയർന്നുവന്ന മുഖ്യമന്ത്രി സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തിരിക്കുന്നു എന്നൊക്കെയാണ് സുധാകരൻ പറഞ്ഞത്. ചെത്തുകാരന്റെ മകനായതിൽ അഭിമാനമേ ഉള്ളൂ എന്നും കാ​ലം മാ​റി​യ​ത്​ ത​ന്നെ ആ​ക്ഷേ​പിക്കു​ന്ന​വ​ർ മ​ന​സ്സി​ലാ​ക്കു​ന്ന​ത്​ ന​ല്ല​താ​ണെ​ന്നും പിണറായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.

‘കോമാളി‘

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായ നടൻ രമേഷ് പിഷാരടിയ്ക്ക് എതിരെ മുൻ ധനമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി തോമസ് ഐസക്ക് നടത്തിയ 'കോമാളി' പരാമർശം ഈ തെരഞ്ഞെടുപ്പിൽ വലിയ വിവാദമായിരുന്നു. കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ വാക്കുകൾ. സംസ്കാരം സമരം ചെയ്താല്‍ കിട്ടുന്ന കാര്യമല്ലെന്ന് പിഷാരടി ഇതിന് മറുപടി നൽകിയിരുന്നു. പിന്നീട് തന്റെ പരാമർശത്തിൽ തോമസ് ഐസക്ക് ഖേദം പ്രകടിപ്പിച്ചു. പിഷാരടിയുടെ അഭിനയമികവില്‍ എതിരഭിപ്രായമില്ലെന്നും മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

‘അമുൽ ബേബി‘

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് വി എസ് അച്യുതാനന്ദൻ നടത്തിയ 'അമുൽ ബേബി' പരാമർശം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011ൽ രാഹുൽ ഗാന്ധി വിഎസിനെതിരെ പ്രായത്തെച്ചൊല്ലി നടത്തിയ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയത്. രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ ഒരു കുട്ടി മാത്രമാണെന്ന് പരിഹസിക്കാനാണ് വി എസ് ഈ വാക്ക് ഉപയോഗിച്ചത്.

‘കോവിഡ് റാണി‘

സംസ്ഥാനത്ത് കോവിഡ് വ്യാപിച്ച കാലത്ത് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ നടത്തിയ 'കോവിഡ് റാണി' പ്രയോഗം വലിയ വിവാ​ദമായിരുന്നു. കെ കെ ശൈലജ, നിപ രാജകുമാരി പദവിക്ക് ശേഷം കൊവിഡ് റാണി പട്ടത്തിനായി മത്സരിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾ. പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ചർച്ചയായി. നിപ കാലത്ത് ആരോഗ്യ മന്ത്രി ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയായിരുന്നുവെന്നും പരിഹാസമുണ്ടായി.

‘പൂതന‘

2019ലെ അരൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് സിപിഎം നേതാവായിരുന്ന ജി സുധാകരൻ അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ 'പൂതന' പരാമർശം വലിയ വിവാദമായിരുന്നു. 'പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ലിത്' എന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി സുധാകരന്റെ വാക്കുകൾ.

‘യുവസുന്ദരി‘

2019ൽ ബിജെപി അധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻ പിള്ളയാണ് വിവാ​ദ പരാമർശം നടത്തി വാർത്തകളിൽ ഇടംപിടിച്ചത്. പ്രിയങ്ക ഗാന്ധിക്കെതിരെ അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദമായി. 'പ്രിയങ്കയ്ക്ക് 48 വയസായി. യുവസുന്ദരി എന്നാണ് വിശേഷിപ്പിക്കുന്നത്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല' എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ.

2016‌ൽ കൊട്ടാരക്കരയിൽ നടത്തിയ പ്രസംഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി പിണറായി വിജയൻ ഭീകരരൂപിയാണെന്ന് പറഞ്ഞതും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇടത് സ്ഥാനാർഥിയായിരുന്ന പി കെ ശ്രീമതിക്കെതിരെ കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ ‘ഓളെ പഠിപ്പിച്ചു ടീച്ചറാക്കിയത് വെറുതെയായി’ എന്ന പരാമർശവുമെല്ലാം സമാനമായ രീതിയിൽ വിവാദമായ പ്രസ്താവനകളാണ്.

ആലത്തൂരിലെ ലോക്സഭാ സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ സിപിഎം നേതാവ് എ വിജയരാഘവൻ നടത്തിയ മോശം പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 'ആലത്തൂരിലെ സ്ഥാനാർഥി, പെൺകുട്ടി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതിനാൽ ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാനാകില്ല' എന്നായിരുന്നു വിജയരാഘവന്റെ പരാമർശം. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെതിരായ 'പൈതൽ' പരാമർശവും 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ‌വുമെല്ലാം വലിയ വിവാ​ദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങളാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ 2 പത്രികകൾ സമർപ്പിച്ചതിൽ പരാതി, പത്രിക തള്ളണമെന്ന് ആവശ്യം, വിശദപരിശോധനയ്ക്ക് മാറ്റി
ത്രില്ലടിപ്പിച്ച് തൃത്താല; 'എം.‌ബി'യോ 'വി.ടി'യോ? ആര് വാഴും ഇത്തവണ