
തൃത്താല: തൃത്താല നിയോജക മണ്ഡലത്തിന്‍റെ രാഷ്ട്രീയ ഭാവി ഇത്തവണ ആരുടെ കൈകളിൽ ജനം ഏല്‍പിക്കുമെന്നത് ഒരു മില്യണ്‍ ഡോളര്‍ ചോദ്യമാണ്. കൃത്യമായ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ഇത്തവണ മണ്ഡലത്തിൽ നടക്കുക. അങ്ങനയെങ്കിൽ ത്രില്ലടിപ്പിക്കുന്ന മത്സരമാകും നടക്കാൻ പോകുന്നത്. ഇടതും വലതും തങ്ങളുടെ ത്രില്ലിങ് നേതാക്കളെ തന്നെയാണ് ഇത്തവണ തൃത്താലയുടെ അങ്കത്തട്ടിലേക്ക് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ടേമിൽ മണ്ഡലത്തിൽ ഇടത് തേരോട്ടമായിരുന്നു. തൃത്താലയിൽ അന്ന് ഏറ്റ തിരിച്ചടി ഇക്കുറി തിരുത്തിക്കുറിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
സിറ്റിംഗ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി രാജേഷും, കോൺഗ്രസിലെ പ്രമുഖനും രണ്ട് ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി ബൽറാമും നേർക്കുനേർ വരുമ്പോൾ ഇരു കൂട്ടർക്കും ഇത് ഒരു ജീവൻമരണ പോരാട്ടമാണ്. ഒരു മന്ത്രി നേരിട്ട് മണ്ഡലത്തിൽ മത്സരിക്കുന്നതിലൂടെ തന്നെ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏതു തരത്തിൽ വിലയിരുത്തുന്നു എന്നത് വോട്ടിൽ പ്രകടമാകും. 2011-ലും 2016-ലും യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.ടി ബൽറാമിനെ തുണച്ച മണ്ണാണ് തൃത്താല. ഇത്തവണയും ബൽറാം മത്സരത്തിന് ഇറങ്ങുമ്പോൾ യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ച്ചവെച്ച് വിജയക്കൊടി പാറിച്ചാണ് സിപിഎമ്മിന്റെ കരുത്തനായ നേതാവ് എം.ബി രാജേഷ് മണ്ഡലം പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല.
1965 മുതൽ ഇടതും വലതും മാറി മാറി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലം കൂടിയാണ് തൃത്താല. അതുകൊണ്ട് തന്നെ കൃത്യമായ രാഷ്ട്രീയ ചട്ടക്കൂടൊന്നും ഉണ്ടായിരുന്നില്ല. 2021-ല്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം.ബി രാജേഷ് വിജയിച്ചത്. കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ പോലും മുന്നേറാൻ അന്ന് ബൽറാമിന് കഴിഞ്ഞിരുന്നില്ല. മണ്ഡലത്തിൽ രാജേഷ് നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇക്കുറി എല്‍ഡിഎഫിന്‍റെ പ്രചാരണം. വികസനങ്ങൾ ഒന്നും ഇല്ലാതെ പിആർ വർക്കുകൾ കൊണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് കോൺഗ്രസ് പക്ഷം. മത്സരചിത്രത്തിലില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥിയായി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററാണ് ഇത്തവണ തൃത്താലയില്‍ ജനവിധി തേടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam