
കൊച്ചി: സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം. പുതിയ കുർബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനിൽ നിന്ന് കത്ത് അയച്ചു.
സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനമായിരുന്നു. പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അംഗീകാരം ലഭിച്ചതോടെ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമാകുന്നത്. എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പിച്ച് പോന്നു.
എന്നാൽ ചങ്ങനാശേരി രൂപത അൾത്താരയ്ക്ക് അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം.
പുതിയ ആരാധനാ ക്രമം നിലവിൽ വരുന്നതോടെ കുർബാനയുടെ ദൈർഘ്യം കുറയും. തീരുമാനം ഉടൻ നടപ്പാക്കണമെന്നാണ് വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ്. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam