കൊടുംചൂടിന് ആശ്വാസമായി കേരളത്തില്‍ വ്യാപകമഴ: മലപ്പുറത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

By Web TeamFirst Published Apr 17, 2019, 4:36 PM IST
Highlights

മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാ​ഗങ്ങളിൽ നാളെ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വി​ദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം.
 
തെക്കൻ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
 
ഈ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വേ​ഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട്  ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൽ തന്നെ മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാ​ഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വി​ദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
 
കൊടും ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദ​ഗ്ദ്ധർ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡി​ഗ്രീ വരെ കൂടിയേക്കാം.
 
രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവർഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം ഇന്ത്യൻ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോർട്ടിലും പറയുന്നു. അതേസമയം തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിക്കും എന്നാണ് സ്കൈമെറ്റും പ്രവചിക്കുന്നത്. ബെംഗ്ലളൂരുവിലും ചെന്നൈയിലും നല്ല മഴ ലഭിക്കും എന്നും സ്കൈമെറ്റ് പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട്.
click me!