ഇന്ന് 26 പേർ മരിച്ചതോടെ മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 33 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. നാളെ മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...

04:52 PM (IST) Aug 09
വൻ ദുരന്തങ്ങളുണ്ടായ രണ്ടിടങ്ങളിലും രക്ഷാ ദൗത്യം ദുഷ്കരം. കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പി.വി അൻവർ എംഎല്‍എ. രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാകുന്ന അവസ്ഥയാണുള്ളത്. പുത്തുമലയിലും രക്ഷാപ്രവർത്തനം ദുഷ്കരം. കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
04:51 PM (IST) Aug 09
മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 പേർ മരിച്ചു . തൃശ്ശൂർ പുതുക്കാട് നെടുമ്പാടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു . തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത് . ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 33 ആയി .
04:40 PM (IST) Aug 09
കണ്ണൂരിൽ നിന്ന് അറുപത് പേരടങ്ങുന്ന ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കും, കുടകിലെ വിരാജ് പേട്ടിലേക്കും വിന്യാസിച്ചു.
പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 3 കോളം സൈന്യത്തെ (ഒരു സംഘത്തിൽ 62 പേർ) ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. ആകെ മൊത്തം 9 കോളം സൈന്യമാണ് കേരളത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.
വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. 3 ടീമുകൾ ബേപ്പൂരിലുണ്ട്. ഇവർ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയിൽ 10 ടീമുകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത്, 3 ടീമുകളെ തയ്യാറാക്കി നിർത്തി.
04:12 PM (IST) Aug 09
ചാലക്കുടി സുരക്ഷിതമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ജലനിരപ്പ് താഴ്ന്നു. മറ്റ് ഡാമുകളിൽ നിന്ന് വെള്ളം വരുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി.
04:10 PM (IST) Aug 09
കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം.
04:08 PM (IST) Aug 09
ജില്ലയിൽ മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ സേഫ് ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശ്ശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും. മഴക്കെടുതിയെത്തുടർന്ന് ചെങ്ങന്നൂരിൽ ഒരു ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.12 കുടുംബങ്ങളാണ് ഇവിടെയുള്ളത്
04:01 PM (IST) Aug 09
മലപ്പുറം കോട്ടക്കുന്നിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മൂന്ന് പേര്‍ അകത്ത് കുടുങ്ങി.
03:59 PM (IST) Aug 09
കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നു. ആർപ്പുക്കര, കുമരകം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി.
03:58 PM (IST) Aug 09
തൃശൂര്‍ പുതുക്കാട് നെടുമ്പാളിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത്.
03:53 PM (IST) Aug 09
മഴ കുറഞ്ഞിട്ടും ഉയർന്ന ജലനിരപ്പ് താഴാത്തതാണ് കാസര്‍കോട് നീലേശ്വരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇന്നലെ രാത്രിയാണ് അച്ചാംതുരുത്തി , കോട്ടപ്പുറം, മയിച്ച പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇരുനൂറോളം വീട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിച്ചു കഴിഞ്ഞു. കാര്യങ്കോട് പുഴ കര കവിഞ്ഞതാണ് വെള്ളം ഉയരാൻ കാരണം.
03:46 PM (IST) Aug 09
പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അണക്കെട്ടിൽ ഇന്ന് രാവിലെ 10 വരെ 109. 23 മീറ്റർ ജലനിരപ്പാണുള്ളത്.
03:40 PM (IST) Aug 09
വയനാട് പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം എ.കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
03:35 PM (IST) Aug 09
ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. തെരച്ചിൽ ഏറെ ദുഷ്ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ എന്ന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.
സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സർക്കാർ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തുമെന്നും എംഎല്‍എ
03:31 PM (IST) Aug 09
തൃശ്ശൂര്‍ തലപ്പിള്ളി താലൂക്കിലെ അസുരൻകുണ്ട് ഡാം നിശ്ചിത അളവിൽ തുറക്കുന്നു .ചേലക്കര ,പാഞ്ഞാൾ ,മുള്ളൂർക്കര പഞ്ചായത്തുകളിലെ പരിസരവാസികൾ ജാഗ്രത പാലിക്കണം .ചേലക്കര തോട് വഴി വെള്ളം ഭാരതപ്പുഴയിൽ എത്തി ചേരുന്നതിനാൽ അതിന്‍റെ തീരത്തുള്ളവർ വെള്ളത്തിലിറങ്ങുകയോ മത്സ്യബന്ധനത്തിന് പോവുകയോ ചെയ്യരുതെന്ന് നിർദേശം .ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുൻ നിർത്തിക്കൊണ്ട് നിശ്ചിത അളവിൽ ഡാം തുറന്നു വിടാനുള്ള അനുവാദം ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്
03:26 PM (IST) Aug 09
കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും
22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും.
03:26 PM (IST) Aug 09
ചെറുതുരുത്തിയില്‍ ഭാരതപുഴ കവിഞ്ഞൊഴുകുന്നതിനാൽ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പുഴയിൽ റെയില്‍വെ മേൽപ്പാലത്തിനോട് ചേർന്ന് വെള്ളം ഒഴുകുന്നുണ്ട്.
03:22 PM (IST) Aug 09
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള അവശ്യവസ്തുക്കള്‍ക്കായി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍. . 44 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ
1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )
04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )
സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030
റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976
ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954
03:18 PM (IST) Aug 09
തലയോലപ്പറമ്പ് യു പി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ കടുത്തുരുത്തി ഫയർ ഫോഴ്സ് ജീവനക്കാരൻ താഴെ വീഴു. അഭിജിത്താണ് താഴെ വീണത്. അപകടത്തില്‍ അഭിജിത്തിന് ഗുരുതര പരിക്കേറ്റു. ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
03:01 PM (IST) Aug 09
ആർമ്മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചത്.
02:51 PM (IST) Aug 09
കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം. ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും.
ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പ് വരുത്തുന്നതാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലകള്‍ തോറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്‍റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിവരുന്നു.
02:48 PM (IST) Aug 09
കാസര്‍കോട് നീലേശ്വരം കാര്യങ്കോട് പുഴ കരകവിഞ്ഞതോടെ അച്ചാംതുരുത്തി, പടുതുരുത്തി ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും വെള്ളം ഉയരുന്നതിനാൽ പ്രദേശത്തു നിന്നും ആളുകൾ വീടുമാറിക്കൊണ്ടിരിക്കുകയാണ്. 40 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നീലേശ്വരം പടുത്തുരുത്തിയിൽ നിന്നും മുജീബ് റഹ്മാൻ തയ്യാറാക്കിയ റിപ്പോർട്ട്.
02:44 PM (IST) Aug 09
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്‍റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എൻജിനിയർ ബൈജുവാണ് മരിച്ചത്.
02:37 PM (IST) Aug 09
കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിലെ വണ്ടിപ്പെരിയാർ റൂട്ടിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. വണ്ടിപെരിയാറിനു സമീപം റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ബുധനാഴ്ച രാത്രി മുതൽ ഗതാഗതം നിലച്ചിരുന്നു. മഴ കുറഞ്ഞതോടെ റോഡിലെ വെള്ളം കുറഞ്ഞു
02:36 PM (IST) Aug 09
കോഴിക്കോട് പാലക്കാട് പാതയില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പറളിക്ക് സമീപം ട്രാക്കിൽ വെള്ളം കയറി. പട്ടാമ്പി കാരയ്ക്കാട് റെയിൽപാതയിലേക്ക് മണ്ണിടിഞ്ഞ് ട്രെയിനുകൾ വിവിധയിടങ്ങളിൽ കുടുങ്ങി. ഇന്നത്തെ അമൃത എക്സ്പ്രസ്സ് cancel ചെയ്തു
കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയിൽ ഗതാഗതം നിർത്തിവച്ചു. ചാലിയാറിൽ ജലനിരപ്പ് അപകടകരമാവും വിധം ഉയർന്നെന്ന് റെയിൽവേ. കല്ലായിക്കും ഫറോക്കിനും ഇടയിൽ ട്രാക്ക് സസ്പെൻറ് ചെയ്തു.
ഷൊർണൂരിനും കുറ്റിപ്പുറത്തിനും ഇടയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. അവിടേയും ട്രാക്ക് സസ്പെന്‍റ് ചെയ്തു. ഫറോക്ക്, കല്ലായി പാലങ്ങളിൽ ട്രാക്കിന് മുകളിലേക്ക് ജല നിരപ്പ് ഉയർന്നതിനാലാണ് ഗതാഗതം നിർത്തിവെച്ചത്.
02:04 PM (IST) Aug 09
ചാലക്കുടി താലൂക്കിൽ ഇതുവരെയായി 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 627 കുടുംബങ്ങളിൽ നിന്നായി 2547 പേരെയാണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ചാലക്കുടിയിൽ മഴ പെയ്യുന്നില്ല.
01:59 PM (IST) Aug 09
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും. എഴുപതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശത്തേക്കുള്ള പാലവും റോഡുകളും തകര്‍ന്നിരിക്കുകയാണ്. മണ്ണിനടിയിലായ വീടുകളിലെ ആളുകളെ കുറിച്ച് യാതൊരു വിവരവുമില്ല.
01:54 PM (IST) Aug 09
ശക്തമായ മഴ നിലനിൽക്കുന്നതുകൊണ്ടും അപകട സാധ്യത ഉള്ളതിനാലും പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. താഴെ പറയുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്.
01:51 PM (IST) Aug 09
നാളെയും മറ്റന്നാളും അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജീവനക്കാർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
01:46 PM (IST) Aug 09
വരും മണിക്കൂറുകളിൽ മഴ കുറയുമെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും . പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിക്കുന്നത്.
01:44 PM (IST) Aug 09
കണ്ണൂരിൽ ശ്രീകണ്ഠാപുരം നഗരത്തെ മുക്കിയ വെള്ളം കനത്ത മഴയിൽ അടിക്കടി ഉയരുകയാണ്. മലയോരത്ത് പുഴയുടെ സമീപത്തുള്ള നഗരങ്ങളിൽ എല്ലാം വെള്ളം കയറിയിരിക്കുകയാണ്. വെള്ളം ഇറങ്ങാത്തതിനാൽ സമീപ പ്രദേശങ്ങളും വെള്ളം കയറൽ ഭീതിയിലാണ്.
01:40 PM (IST) Aug 09
കണ്ണൂരിൽ ശ്രീകണ്ഠാപുരം നഗരത്തെ മുക്കിയ വെള്ളം കനത്ത മഴയിൽ അടിക്കടി ഉയരുകയാണ്. മലയോരത്ത് പുഴയുടെ സമീപത്തുള്ള നഗരങ്ങളിൽ എല്ലാം വെള്ളം കയറിയിരിക്കുകയാണ്. വെള്ളം ഇറങ്ങാത്തതിനാൽ സമീപ പ്രദേശങ്ങളും വെള്ളം കയറൽ ഭീതിയിലാണ്.
01:36 PM (IST) Aug 09
നാളെ ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, കാസർകോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
01:31 PM (IST) Aug 09
കോഴിക്കോട് ജില്ലയില്‍ ഇതുവരെ ഒമ്പത് മരണം. ഉരുൾപൊട്ടലില്‍ നാല് പേരും വെള്ളത്തിൽ വീണ് നാല് പേരും മരിച്ചു. ഒരാള്‍ മരിച്ചത് ഇടിമിന്നലേറ്റ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വെള്ളം കയറുന്നുവെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.
01:20 PM (IST) Aug 09
ഉരുൾപൊട്ടലുണ്ടായ മേപ്പാടി പൂത്തുമലയ്ക്ക് സമീപം ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ കള്ളാടി റെയ്ൻ ഗേജ് സ്റ്റേഷനിൽ ഇന്ന് രാവിലെ 550mm എന്ന അവിശ്വസനീയമായ മഴ രേഖപ്പെടുത്തിയിരിക്കുന്നു. വയനാട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം 250 മുതൽ 300mm വരെ പേമാരി ലഭിച്ചിരിക്കുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശം.
01:15 PM (IST) Aug 09
കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പൊലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു. ലോക്കല്‍ പൊലീസിനെ കൂടാതെ കേരളാ ആംഡ് പൊലീസ് ബറ്റാലിയനുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് റെസ്ക്യൂ ഫോഴ്സ്, നാല് റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ ദുരിതനിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജെ.സി.ബികള്‍ എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വാര്‍ത്താവിനിമയബന്ധം തകരാറായ സ്ഥലങ്ങളില്‍ പൊലീസിന്‍റെ വയര്‍ലസ് സെറ്റും സാറ്റ്‍ലൈറ്റ് ഫോണുകളും ഉപയോഗിച്ചു വരുന്നു.
ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കുന്നതിന് പൊലീസ് സഹായം ലഭ്യമാക്കും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫന്‍സ് വഴി ആശയവിനിമയം നടത്തിവരുന്നു.
01:06 PM (IST) Aug 09
കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സേവന സന്നദ്ധരായിട്ടുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി റെജിസ്റ്റർ ചെയ്യേണ്ടതാണ്
01:04 PM (IST) Aug 09
12:55 PM (IST) Aug 09
കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി വില്ലേജിൽ കുനിയിൽ കടവ് ഭാഗത്ത് വെള്ളക്കെട്ടിൽ വീണ് ഒരാള്‍ മരിച്ചു. എണക്കാട് സത്യൻ (48) ആണ് മരിച്ചത്.
12:53 PM (IST) Aug 09
ഈരാറ്റുപേട്ടയിൽ വീണ്ടും വെള്ളമെത്തുന്നു. മീനച്ചിലാറിൽ കനത്ത ഒഴുക്ക്. ഇഴ ജന്തുക്കളും ഒഴുകി വരുന്നു.
12:51 PM (IST) Aug 09
കോഴിക്കോടിന്‍റെ മലയോര പ്രദേശമായ തൊട്ടില്‍പ്പാലത്ത് വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍.
കണ്‍ട്രോള്‍ റൂം നമ്പര്‍: 0497 - 2713266, 9446682300