കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ മാറ്റിനിര്‍ത്തി അവയവദാന കേസ് അന്വേഷിക്കണം: ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള

Published : Jun 20, 2023, 07:09 PM IST
കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ മാറ്റിനിര്‍ത്തി അവയവദാന കേസ് അന്വേഷിക്കണം: ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള

Synopsis

മസ്തിഷ്ക മരണാനന്തര അവയവ ദാനത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ K-SOTTO -യുടെ ഏക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ മാറ്റിനിർത്തി അന്വേഷണ കമ്മീഷന് രൂപം നൽകണമെന്നാണ് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ആവശ്യം. 

തിരുവനന്തപുരം:  മസ്തിഷ്ക മരണാനന്തര അവയവ ദാന കേസില്‍ കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ മാറ്റി നിര്‍ത്തി നിക്ഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള, മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ലേക് ഷോർ ആശുപത്രിയില്‍ മസ്തിഷ്ക മരണാനന്തര അവയവ ദാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പല സ്വകാര്യ ആശുപത്രികളെയും സര്‍ക്കാറിന്‍റെയും അവയവദാന ഏജന്‍സിയായ കെ സോട്ടോയെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് സംഘടന ആരോപിച്ചു. ഇത്തരമൊരു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ K-SOTTO -യുടെ ഏക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ മാറ്റിനിർത്തി അന്വേഷണ കമ്മീഷന് രൂപം നൽകണമെന്നാണ് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ആവശ്യം. 

2012 -ല്‍ കേരള നെറ്റ്വര്‍ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്‍റെ നോഡല്‍ ഓഫീസറായിരുന്നു ഡോ. നോബിള്‍ ഗ്രേഷ്യസ്, 2022 ഫെബ്രുവരി മുതല്‍ കെസോട്ടോ എന്ന കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. അതേസമയം കെ സോട്ടോ അഡ്വൈസറി കമ്മറ്റി അംഗമായ മനോജ് കുമാര്‍ എം കെയാണ് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ സെക്രട്ടറി. ഇതോടെ സർക്കാരിന്‍റെ അവയവദാന എജൻസിയായ കെ സോട്ടോയുടെ  അഡ്വൈസറി കമ്മറ്റി അംഗം തന്നെ കെ സോട്ടോയ്ക്കെതിരെ നിക്ഷ്പക്ഷ അന്വേഷണം ആവശ്യപ്പട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം മസ്തിഷ്കമരണ സ്ഥീരീകരണ സർട്ടിഫിക്കറ്റ് സംസ്ഥാനത്തെ അവയവദാന ഏജൻസി പരിശോധിക്കാറുണ്ടോയെന്ന് അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അവയവദാനം സുതാര്യവും നിഷ്പക്ഷവുമാക്കുവാൻ അവയവ വിന്യാസം കേന്ദ്രീകൃത സംവിധാനത്തിന്‍റെ കീഴില്‍ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. 

മൃതസഞ്ജീവനി പ്രവർത്തനം നിയന്ത്രിക്കുന്നതിന് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ നിയമിക്കുക. മൃതസഞ്ജീവനി പദ്ധതി ആരംഭിച്ച ശേഷം ലോക് ഷോർ ആശുപത്രിയിൽ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മസ്തിഷ്കമരണ അവയവദാനത്തിനെതിരെ ഉയര്‍ന്ന പരാതികൾ മൃതസഞ്ജീവനി ഓഫീസ് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് സർക്കാരിനും അവയവങ്ങൾ കാത്തിരിക്കുന്ന രോഗികൾക്കും സമ്മർദ്ദം നൽകുന്നുണ്ടെന്നും അതിനാല്‍ സർക്കാർ ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. അവയവദാന പ്രക്രിയയും അവയവങ്ങളുടെ വിതരണവും അവയുടെ ഡാറ്റകളും കുറെ കൂടി സുതാര്യമായ രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക. അവയവം സ്വീകരിച്ചവരുടെ ആരോഗ്യ വിവരം പരസ്യപ്പെടുത്തി പൊതുജനങ്ങളിൽ അവയവദാനത്തോട് സ്വീകാര്യത വളർത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. 

ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളിലും മരണാനന്തര അവയവദാന പ്രക്രിയയെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിലും ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള ആശങ്ക രേഖപ്പെടുത്തി.  ഈ അവസ്ഥയില്‍ മുന്നോട്ട് പോയാൽ മരണാനന്തര അവയവദാനം വഴിയുള്ള അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾ മരണത്തിന് കീഴടങ്ങുവാൻ വഴിയൊരുക്കുമെന്നും മരണാനന്തര അവയവദാനത്തിനെതിരെയുള്ള  പ്രചാരണം നിയമവിരുദ്ധമായ അവയവ കച്ചവടത്തെ സഹായിക്കുമെന്നും സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും