തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് എട്ട് സീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ജയിച്ചു

Published : Aug 12, 2021, 11:17 AM ISTUpdated : Aug 12, 2021, 11:35 AM IST
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് എട്ട്  സീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ജയിച്ചു

Synopsis

ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന്  ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനി‍ർത്തി. 

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും  മൂന്ന് മുൻസിപ്പാലിറ്റി  വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിലെ ഫലം ഇതുവരെ അറിവായപ്പോൾ എൽഡിഎഫ് - 8, യുഡിഎഫ് - അഞ്ച് എന്നതാണ് നിലവിലെ ലീഡ് നില. 

ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന്  ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനി‍ർത്തി. 


ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണൻ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില - എൽഡിഎഫ് - 24, യുഡിഎഫ് - 10, സ്വതന്ത്രൻ - 1 എന്ന നിലയിലായി. 

വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡും എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്. 

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. 

മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.വി.മുരളീധരൻ 309 വോട്ടുകൾക്കാണ് വിജയിച്ചത്.

മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. സി.പി.എമ്മിൻ്റെ സിറ്റിം​ഗ് സീറ്റാണിത്. 

മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയിച്ചു.

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ  ഇടത്പക്ഷത്തിന് വിജയം. ഇടത് സ്ഥാനാര്‍ഥി പി.വി. പീറ്റര്‍ 19 വോട്ടുകള്‍ക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള ഇവിടെ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിനും ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇടതുപക്ഷ അംഗം ടി. സജി മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോതമംഗലം  വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. എൽഡിഎഫിൽ നിന്ന് യുഡിഎഫ് വാർഡ് പിടിച്ചെടുക്കുകയായിരുന്നു.

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാ‍‍ർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിലെ ടോമി ഇടയോടിയിലിനെയാണ് ജയിംസ് തോൽപ്പിച്ചത്. യുഡിഎഫ് വിമതനായി ജയിച്ച സ്വതന്ത്ര അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചതോടെ പഞ്ചായത്തിലെ  കക്ഷി നില എൽഡിഎഫ് - 9, യുഡിഎഫ് - 5, ബിജെപി-2 എന്നായി. 

ആലപ്പുഴ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ്  ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യവോട്ട് നേടി സമനില പാലിച്ചു. ഇതേ തുടർന്ന് ഇവിടെ നറുക്കെടുപ്പ് നടത്തി എൽഡിഎഫിലെ ആൻ്റണിയെ വിജയിയായി പ്രഖ്യാപിച്ചു. വാ‍ർഡിലെ ഇരുപാ‍ർട്ടികളും 168 വോട്ട് വീതമാണ് നേടിയത്. മുൻ കൗൺസിലറായ യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം ( 20) വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫിലെ അലക്സാണ്ടർ ഡാനിയേൽ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചത്. ഇതോടെ പഞ്ചായത്തിൽ ആകെയുള്ള 20 സീറ്റുകളിൽ എൽഡിഎഫിന് 11 സീറ്റുകളായി.


നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി.സിപിഎമ്മിലെ വിദ്യാവിജയൻ 94 വോട്ടിന് ജയിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്