തദ്ദേശ തോൽവി; ആര്‍എസ്പിക്ക് കടുത്ത അതൃപ്തി, യുഡിഎഫിൽ തുടരണോ എന്നും ആലോചന

By Web TeamFirst Published Dec 19, 2020, 10:16 AM IST
Highlights

യുഡിഎഫ് യോഗത്തിന് മുൻപ് കോൺഗ്രസ്‌ നേതാക്കളെ കാണാനാണ് ആര്‍എസ്പിയുടേയും തീരുമാനം 

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ അതൃപ്തി പരസ്യമാക്കി ആര്‍എസ്പിയും .യുഡിഎഫ് യോഗത്തിന് മുൻപ് കോൺഗ്രസ്‌ നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാനാണ് ആര്‍എസ്പിയുടേയും തീരുമാനം . കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തിൽ മുന്നണിയിൽ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കൾ നൽകുന്ന വിവരം. 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് യുഡിഎഫിലും കോൺഗ്രസിനകത്തും നടക്കുന്നത്. മുസ്ലീം ലീഗും കേരളാ കോൺഗ്രസും അടക്കമുള്ള ഘടകക്ഷികൾ ഇതിനകം അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മുന്നണി ബന്ധം അടക്കം പുനപരിശോധിക്കേണ്ടിവരുമെന്ന സൂചന നൽകി ആര്‍എസ്പി രംഗത്തെത്തുന്നത്. 

യുഡിഎഫ് നേതൃയോഗത്തിന് മുൻപ് കോൺഗ്രസ് നേതാക്കളെ കാണുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്. തിരുത്ത് കോൺഗ്രസിനകത്ത് നിന്ന് ഉണ്ടാകണമെന്ന നിലപാട് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടിരുന്നു. നേതാക്കളുടെ തമ്മിലടിയും സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണ രംഗത്തെ ഏകോപനം ഇല്ലായ്മയും അടക്കം ഒട്ടേറെ പ്രശ്നങ്ങളാണ് ഘടകക്ഷികൾ അക്കമിട്ട് നിരത്തുന്നത്. 

click me!