
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫയര്‍ പാര്‍ട്ടി സഖ്യത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയപ്പോള്‍ മുന്നണി തീരുമാനമുണ്ടെന്ന വാദവുമായി കെ മുരളീധരൻ എംപി രംഗത്തെത്തി. യുഡിഎഫുമായി സഖ്യത്തിലായെന്ന് വെൽഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോൺഗ്രസിലെ ഭിന്നത മറ നീക്കിയത്.
യുഡിഎഫ് നേതൃത്വമായുള്ള ചര്‍ച്ചകളിൽ സഖ്യത്തിന് തീരുമാനമായെന്നാണ് ഹമീദ് പറഞ്ഞത്. ഇനി താഴെ തട്ടിൽ നീക്കുപോക്കുണ്ടാക്കും. കോണ്‍ഗ്രസും മുസ്ലീം ലീഗും ഒരു പോലെ വെൽഫയര്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വിട്ടു തരുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി തീരുമാനത്തിന് പിന്നാലെയാണ് വെൽഫയര്‍ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകളെന്നും കോഴിക്കോട്ട് പ്രാദേശിക ധാരണയുണ്ടാക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
ജമാ അത്തെ ഇസ്ലാമി അമീറിനെ കണ്ട യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ നടപടിയെ ചൊല്ലിയും കോൺഗ്രസിൽ അതൃപ്തി ഉയരുന്നുണ്ട്. ഹസന്റേത് വ്യക്തിപരമായ സന്ദര്‍ശനം മാത്രമെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. വെൽഫെയർ പാർട്ടിയുമായി ഇതുവരെ പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ല. വ്യക്തിപരമായി നടന്ന ചർച്ചകൾ യുഡിഎഫ് യോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് കൺവീനറായ എംഎം ഹസ്സൻ അടക്കമുള്ള നേതാക്കൾ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വെൽഫയർ പാർട്ടിയടക്കം എല്ലാവരുമായും ഹസൻ ചർച്ച നടത്തുന്നുണ്ട്. വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ സഖ്യമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എന്ത് വേണമെന്ന് യുഡിഎഫ് തീരുമാനിക്കും. പ്രാദേശിക നീക്കുപോക്കിനെ കുറിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം തീരുമാനമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം വെൽഫെയർ പാർട്ടിയുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് ആർഎസ്പിയും പ്രതികരണം നടത്തി. യുഡിഎഫിന് പുറത്ത് ആരുമായും സഖ്യം വേണ്ടെന്നാണ് മുന്നണിയിലെ ധാരണയെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. എംഎം ഹസൻ ജമാഅത്തെ ഇസ്ലാമിയുമായി നടത്തിയ ചർച്ചയെ കുറിച്ച് അറിയിച്ചില്ല. വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam