
തിരുവനന്തപുരം: ബാർ ലൈസൻസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് കോഴ നൽകിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചു നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. രമേശ് ചെന്നിത്തലക്കും കെ ബാബുവിനും വി.എസ്.ശിവകുമാറിനുമെതിരായ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് ഇടതുമുന്നണി വിമർശിച്ചു. പ്രതിപക്ഷ നേതാവിന്റെ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വിജിലൻസിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. യുഡിഎഫ് നേതാക്കളുടെ കള്ളപ്പണ ഇടപാടിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. നിർണ്ണായക സമയത്ത് വീണ്ടും ബാർ കോഴ വിവാദം ഇടതുമുന്നണിക്ക് പിടിവള്ളിയാവുകയാണ്. ജോസ് കെ മാണി എൽഡിഎഫ് പ്രവേശനം കാത്തിരിക്കുമ്പോൾ ബാർ കോഴ വിവാദം കോണ്‍ഗ്രസിന് മേൽ ചാരിയാണ് സിപിഎമ്മിന്‍റെ നീക്കങ്ങൾ.
രമേശ് ചെന്നിത്തലയും, കെ ബാബുവും, വിഎസ് ശിവകുമാറും കോഴ വാങ്ങിയെന്ന് ബിജു രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. കെ ബാബുവിന് പണം നൽകിയ ശേഷം ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്നും 25 ലക്ഷമാക്കിയെന്ന ആരോപണം യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിജിലൻസ് പരിശോധിച്ചിരുന്നു. വിജിലൻസ് എറണാകുളം യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ കെ ബാബുവിനെ കുറ്റവിമുക്തനുമാക്കി. എന്നാൽ കെപിസിസി ആസ്ഥാനത്ത് എത്തി ചെന്നിത്തലക്ക് പണം നൽകിയതും വിഎസ് ശിവകുമാറിന് പണം നൽകിയതും വിജിലൻസ് അന്വേഷിച്ചില്ല. സർക്കാറിനെതിരെ നിരന്തരം രംഗത്തെത്തുന്ന രമേശ് ചെന്നിത്തലക്കെതിരെ നീങ്ങാനും സിപിഎമ്മിന് കിട്ടിയ പുതിയ ആയുധമാണ് കോഴ ആവർത്തിച്ചുള്ള ബിജു രമേശിന്റെ രംഗപ്രവേശം. വിജിലൻസിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ ആലോചന.
ബിജു രമേശിന്റെ വെളിപ്പെടുത്തൽ ചെന്നിത്തല അടക്കം കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണ ഇടപാടുകൾക്ക് തെളിവെന്നാണ് എൽഡിഎഫ് ആക്ഷേപം. ചെന്നിത്തലക്കും കെ ബാബുവിനും വിഎസ് ശിവകുമാറിനുമെതിരെ അന്വേഷണം വേണമെന്ന് എൽഡിഎഫ് പ്രസ്താവനയിറക്കി. അതേസമയം കേസ് ഒതുക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ബിജു രമേശിന്റെ പ്രധാന ആരോപണത്തിൽ എൽഡിഎഫ് മിണ്ടാട്ടമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam