
പത്തനംതിട്ട: പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിൽ ഒരേ വാർഡിൽ സ്ഥാനാര്‍ത്ഥികളായി അമ്മായി അമ്മയും മരുമകളും. ഒരാൾ സ്വതന്ത്ര സ്ഥാനാര്‍ത്ഥയായും മറ്റൊരാൾ യുഡിഎഫ് സ്ഥാനാർത്ഥിയുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരേ കുടുംബത്തിൽ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡിൽ ജനവിധി തേടുന്നതിന്‍റെ കൗതുകത്തിലാണ് വോട്ടര്‍മാരും. പള്ളിക്കൽ പഞ്ചായത്തിലെ 11ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് 76കാരിയ കുഞ്ഞുമോള്‍ കൊച്ചുപാപ്പി മത്സരിക്കുന്നത്. ഇതേ വാര്‍ഡിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞുമോളുടെ മകന്‍റെ ഭാര്യ ജാസ്മിൻ എബിയാണ് മത്സരിക്കുന്നത്. തനിക്കൊപ്പം മരുമകള്‍ അടക്കം നാലു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോള്‍ വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തുന്നത്. എല്ലാ വോട്ടര്‍മാരെയും നേരിട്ട് കണ്ടാണ് കുഞ്ഞുമോളുടെ പ്രചാരണം. മരുമകളും അമ്മായിയമ്മയും ഒരേ വാര്‍ഡിൽ ഏറ്റുമുട്ടുന്നത് എന്തുകൊണ്ടാണെന്ന സംശയത്തിനും കുഞ്ഞുമോള്‍ക്ക് മറുപടിയുണ്ട്.
മരുമകളുമായി ഒരു പ്രശ്നവുമില്ലെന്നും താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും മരുമകള്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കുഞ്ഞുമോള്‍ പറയുന്നു. താനാണ് ഇവിടെ ആദ്യം പത്രിക നൽകിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നകാര്യം പറഞ്ഞിരുന്നില്ലെന്നും കുഞ്ഞുമോള്‍പറയുന്നു. നിങ്ങള്‍ മത്സരിക്കെന്നും കാണിച്ചുതരാമെന്നും പറഞ്ഞ് അവൻ വാശിക്കാണ് മരുമകളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കുഞ്ഞുമോളുടെ പരാതി. മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോൾ. ഒറ്റയ്ക്ക് വീടുകയറിയുള്ള വോട്ടുതേടലിലാണ് കുഞ്ഞുമോള്‍ക്ക് വിശ്വാസം.
കാര്യമായ പോസ്റ്ററുകളോ ഫ്ലക്സുകളോ വെക്കാതെ നേരിട്ടാണ് കുഞ്ഞുമോള്‍ വോട്ടുതേടുന്നത്. എന്നാൽ, ജനാധിപത്യമല്ലേയെന്നും ആര്‍ക്കും മത്സരിക്കാമല്ലോയെന്നുമാണ് കുഞ്ഞുമോളുടെ മരുമകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജാസ്മിൻ എബിയുടെ മറുപടി. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് താൻ മത്സരിക്കുന്നതെന്നും ഭര്‍ത്താവും പിന്തുണച്ചുവെന്നും ഒരു സ്ഥാനാര്‍ത്ഥിയോടും വാശിയോ വൈരാഗ്യമോയില്ലെന്നും ജാസ്മിൻ പറഞ്ഞു. എൽഡിഎഫിനായി സുരഭി സുനിലും ബിജെപിക്കായി നിരുപമ പി.വി.യുമാണ് ഇതേ വാർഡിൽ ജനവിധി തേടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam