
തിരുവനന്തപുരം: കിടപ്പ് രോഗികൾക്കും കോവിഡ് രോഗികൾക്കും തദ്ദേശഭരണതെരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്താം. ഇതുള്ള ഓർഡിൻൻസിന് മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ ജീവനക്കാരുടെ പിടിച്ചെടുത്ത ശമ്പളം പി എഫിൽ ലയിപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഏപ്രിലിൽ പണം പിൻവലിക്കാം.
കോവിഡ് രോഗികൾക്ക് തപാൽവോട്ടോ പ്രോക്സി വോട്ടോ നടപ്പാക്കണമെന്നായിരുന്നു സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തത്. എന്നാൽ പ്രോക്സി വോട്ടിനെതിരെ രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് തപാൽ വോട്ട് മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. കൊവിഡ് രോഗികൾക്കും കിടപ്പ് രോഗികൾക്കും തപാൽവോട്ട് ചെയ്യാമെന്നാണ് ഓർഡിനൻസ്.
നിശ്ചിതദിവസത്തിനുള്ളിൽ തപാൽ വോട്ടിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിന് ശേഷം രോഗം വരുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്നാണ് സർക്കാർ നിലപാട്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂട്ടാനും തീരുമാനിച്ചു. നിലവിൽ ഏഴ് മുതൽ അഞ്ച് വരെയാണ് വോട്ടെടുപ്പ്. അത് ആറു മണി വരെയാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്ന് പിടിച്ച ശമ്പളം പി എഫിൽ ലയിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മാസം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായാണ് പിടിച്ചത്. ഇപ്പോൾ ലയിപ്പിക്കുമെങ്കിലും ഏപ്രിലിൽ മാത്രമേ പിൻവലിക്കാൻ കഴിയൂ. ശ്രീനാരായണ ഓപ്പൺ സർവകലാശാല രൂപീകരണത്തിനുള്ള ഓർഡിൻസിനും മന്ത്രിസഭ അംഗീകാരം നൽകി. കൊവിഡ് സാഹചര്യം ഗുരുതരമെന്നും സർക്കാർ വിലയിരുത്തി. മന്ത്രി കെ ടി ജലീലിനെതിരായ വിവാദങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തില്ല. വിഷയം ആരും ഉന്നയിച്ചുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam