
ദില്ലി/തിരുവനന്തപുരം: യു ഡി എഫിന്‍റെ തരംഗമാണ് കേരളത്തിൽ ഉണ്ടായതെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ഓരോ ഘട്ടത്തിലും വേണ്ട നിർദേശങ്ങൾ നൽകി. കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. താഴെ തട്ടിലും യോഗങ്ങൾ വിളിക്കാൻ നിർദേശം നൽകിയിരുന്നു. അതിന്‍റെ ഫലം തെരഞ്ഞെടുപ്പിൽ കണ്ടു. കേരളത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയാണ്. മാധ്യമങ്ങളോടും നന്ദിയുണ്ട്. ശബരിമല വിഷയം എല്ലാ ജില്ലയിലും ഉയർത്തി വലിയ പ്രചാരണം നടത്തി. അതിൽ നിന്ന് യു ഡി എഫ് പിന്നോട്ടുപോകില്ല. സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടു നിന്നവരും ജയിലിലേക്ക് പോകേണ്ടി വരും. ജനങ്ങൾ നടത്തിയ വിലയിരുത്തലിന്‍റെ ഫലമാണ് ഇത്. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് ദിവസത്തെ പരാമർശം ജനം തള്ളി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എങ്ങനെ പ്രവർത്തിച്ചുവെന്ന് ഇപ്പോൾ വ്യക്തമായി. വിജയം ആഘോഷിക്കണമെങ്കിലും അഹങ്കാരത്തോടെ പോകാൻ പാടില്ല. നിയമസഭ തെരഞ്ഞെടുപ്പിനായി പ്രവർത്തിക്കണം. നന്ദികേട് ഏതു തരത്തിലാണെന്ന് എം എം മണിയോടെ തന്നെ ചോദിക്കണം. ആരുടേയും പോക്കറ്റിൽ നിന്ന് നൽകുന്ന പണമല്ല. ജനങ്ങളുടെ അവകാശമാണത്. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് നന്നായി പ്രചാരണം നടത്തി. നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം കൂട്ടുകെട്ട് കാണാം.അതിന്‍റെ മുന്നോടിയാണ് ഇത്. ട്വന്‍റി 20 പോലുള്ള ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി ഉണ്ടായത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പറ്റാതെ പോയത് കൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത് വ്യക്തമായതാണ്.യു ഡി എഫ് ഒറ്റക്കെട്ടായിരുന്നു എന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റക്കെട്ടായി തന്നെയാണ് പ്രവര്‍ത്തിച്ചത്. പിണറായി വിജയനെ ഭയപ്പെട്ട് കൊണ്ട് സി പി ഐ ഒതുങ്ങി പോവുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയംതെരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ എന്നത് പാർട്ടി വിലയിരുത്തും. യു ഡി എഫിനെ പ്രതികൂട്ടിലാക്കാൻ മുഖ്യമന്ത്രി തന്നെ പല പ്രതികരണങ്ങളും നടത്തി. മുഖ്യമന്ത്രി തന്നെ പണ്ട് പറഞ്ഞ കാര്യങ്ങൾ ഒന്ന് വിലയിരുത്തട്ടെ. സി പി എമ്മുമായോ ബിജെപിയുമായോ ചേർന്ന് യുഡിഎഫ് പ്രവര്‍ത്തിച്ചിട്ടില്ല. ഒറ്റക്ക് തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരത്ത് കോൺഗ്രസ് വലിയമുന്നേറ്റം നിർത്തിയെന്നും എൽഡിഎഫിന്‍റെ ഭരണപരാജയമാണ് തിരുവനന്തപുരത്ത് ബിജെപിയെ സഹായിച്ചതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫിന്‍റെ സീറ്റാണ് കുറഞ്ഞത്. തലസ്ഥാനത്ത് ഭരണ വിരുദ്ധവികാരം കോൺഗ്രസിന് വോട്ടാകാത്തതിന് പിന്നിൽ നേതൃത്വത്തിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. മുരളീധരന്‍റെ നേതൃത്വത്തിൽ മികച്ച പ്രവര്‍ത്തനമാണ് തിരുവനന്തപുരത്ത് നടത്തിയത്. സര്‍ക്കാര്‍ ഒരു തരത്തിലുള്ള തിരുത്തലുകള്‍ക്കും തയ്യാറായിരുന്നില്ല. 200ലധിക ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് യുഡിഫിനേക്കാള്‍ ഭൂരിപക്ഷമുണ്ടായിരുന്നു. അതാണിപ്പോള്‍ തിരുത്തി കുറിച്ചത്. എല്ലാ ത്രിതല പഞ്ചായത്തിലും വൻ വിജയമാണ് നേടിയത്. സർക്കാരിനെതിരായവിധി എഴുത്താണിത്. ശബരിമലസ്വർണ കൊള്ള ജനകീയമായി അവതരിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam