തദ്ദേശ തെരഞ്ഞെടുപ്പ്: അണികൾക്ക് ആവേശം പകർന്ന് മന്ത്രി ശൈലജ, കൊവിഡ് മാനദണ്ഡം മറക്കാതെ പ്രചാരണം

By Web TeamFirst Published Dec 5, 2020, 7:52 AM IST
Highlights

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വെബ് റാലി ഇന്ന്. വൈകിട്ട്‌ ആറ് മണിക്കാണ് റാലി. 

തിരുവനന്തപുരം: അവസാന ലാപ്പിലെത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണിക്ക് ആവേശം പകർന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തിറങ്ങി. കൊവിഡ് പ്രതിരോധത്തെ കുറിച്ച് പറഞ്ഞായിരുന്നു ആരോഗ്യമന്ത്രിയുടെ വോട്ടുപിടിത്തം.

കൊവിഡിനെ തോൽപിക്കാനുള്ള തിരക്കിൽ നിന്ന് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ മന്ത്രി എത്തിയപ്പോൾ അണികളിൽ ഇരട്ടി ആവേശം പ്രകടമായിരുന്നു. മാസ്കിട്ട് ഗ്യാപ്പിട്ട് നിൽക്കാൻ അണികളെ സ്നേഹത്തോടെ നിർദേശിച്ച ആരോഗ്യമന്ത്രിക്ക് പ്രചാരണത്തിനിടെയിലും ശ്രദ്ധ ചുറ്റുമുള്ളവരുടെ ആരോഗ്യത്തിൽ തന്നെ.

രാഷ്ട്രീയം പറയാതെ സർക്കാർ കൊവിഡിൽ അടക്കം ആരോഗ്യമേഖലയിൽ ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. എങ്കിലും അവസാനം കിഫ്ബിയും കെഫോണും ഉയർത്തി പ്രതിപക്ഷത്തിനിട്ട് ചെറിയൊരു കൊട്ട്.

വനിത സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രചാരണം. പൊതുവേദികളിൽ സംസാരിക്കുമ്പോൾ നേതാക്കൾ മാസ്ക് അഴിക്കുന്ന പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി മുഴുവൻ സമയം മാസ്കണിഞ്ഞായിരുന്നു മന്ത്രിയുടെ പ്രചാരണം.

click me!