
കൊച്ചി: പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ച എൽദോസ് കുന്നപ്പള്ളിയെ പിന്തുണക്കാനൊരുങ്ങി പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം. മനോജ് മൂത്തേടൻ സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കണോ എന്നതിൽ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കാനാണ് പ്രാദേശിക നേതൃത്വത്തിൻ്റെ ആലോചന. എൽദോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധത്തിലാണ് പ്രാദേശിക നേതാക്കൾ. ചാലക്കുടി എംപി ബെന്നി ബഹനാനുമായി അടക്കം ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയായിരിക്കും കൂടുതൽ തീരുമാനം കൈക്കൊള്ളുക. അതേസമയം, പികെ ശശിയെ ഉൾക്കൊള്ളുന്ന യുഡിഎഫ് എന്തുകൊണ്ട് എൽദോസിനെ ഒഴിവാക്കി എന്നതിൽ നേതൃത്വം മറുപടി പറയണമെന്നാണ് ഉയരുന്ന ആവശ്യം.
തർക്ക മണ്ഡലമായ പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു കോൺഗ്രസ്. മനോജ് മൂത്തേടൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. എൽദോസിനായി നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പട്ടിക വൈകുന്നതോടെയാണ് ആറു തർക്കമണ്ഡലങ്ങളിലൊന്നായ പെരുമ്പാവൂരിൽ സ്ഥാനാർഥിയെ തീരുമാനിച്ച് പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് മുന്നോട്ട് വന്നത്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലിൽ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാൻഡ് എത്തിയത്. കേസിൻ്റെ പശ്ചാത്തലത്തിലാണ് എൽദോസിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയത്.
താൻ പ്രതീക്ഷയോടെയാണ് എപ്പോഴും ജീവിക്കുന്നതെന്നും പെരുമ്പാവൂരിൽ യുഡിഎഫിനായി ആര് മത്സരിച്ചാലും ജയിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. പ്രചാരണം ഒരു വർഷം മുൻപേ തുടങ്ങിയിട്ടുണ്ട്. യുഡിഎഫിനായി പ്രചാരണം നടത്തുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. സ്ഥാനാർഥി ചർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിലെത്തിയ എൽദോസ് ഇന്നലെ രാത്രിയോടെ മടങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam