
പത്തനംതിട്ട: റവന്യൂ ഉദ്യോഗസ്ഥരെ മറികടന്നുള്ള മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ റോഡ് അളക്കലിൽ പ്രാദേശിക സിപിഎം നേതൃത്വത്തിന് അതൃപ്തി. സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ അപാകത ചൂണ്ടിക്കാട്ടി റോഡ് നിർമ്മാണം തടഞ്ഞതിൽ പെട്ടുപോയ നേതൃത്വത്തിന് ജോർജ് ജോസഫിന്‍റെ നടപടി ഇരട്ടിപ്രഹരമായി. അതിനിടെ, ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണ തർക്കത്തിന് പരിഹാരം തേടി അടൂർ എംഎൽഎ, പൊതുമരാമത്ത് മന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. മന്ത്രിയുടെ ഭർത്താവ് ജോർജ്ജ് ജോസഫും കോൺഗ്രസുമായുള്ള നടുറോഡിലെ കയ്യാങ്കളി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പാർട്ടി വികാരം. ജോർജ്ജിന്‍റെ അപേക്ഷയിലാണ് പുറംമ്പോക്ക് കയ്യേറ്റം പരിശോധിക്കാൻ റവന്യു വകുപ്പ് അളവ് തുടങ്ങിയത്.
അതിനെ മറികടന്ന്, പ്രാദേശിക കോൺഗ്രസ് നേതാക്കൾ വെല്ലുവിളിച്ചെന്ന് അവകാശപ്പെട്ട് ജോർജ്ജ് ജോസഫും അനുയായികളും റോഡ് അളക്കാൻ ഇറങ്ങുകയായിരുന്നു. സ്വന്തം കെട്ടിടത്തിന്‍റെ മുൻഭാഗം അളന്ന് കയ്യേറ്റം ഇല്ലെന്ന് അവകാശപ്പെട്ട ശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിലേക്ക് പോയി അളക്കാൻ ശ്രമിച്ചു. മന്ത്രിയുടെ ഭർത്താവ് എന്ന നിലയിൽ അധികാരത്തിന്‍റെ ഹുക്ക് കാട്ടിയെന്ന് ആരോപിച്ച് കോൺഗ്രസുകാർ തടഞ്ഞതോടെയാണ് തർക്കമായത്. ഇതെല്ലാം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രാദേശിക സിപിഎം നേതാക്കൾ പറയുന്നത്.
ഏഴംകുളം കൈപ്പട്ടൂർ റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി ജോർജ്ജിന്‍റെ കെട്ടിടത്തിന്‍റെ മുന്നിൽ ഓടയുടെ ഗതിമാറ്റിച്ചെന്ന ആക്ഷേപം സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റാണ് ആദ്യം ഉന്നയിച്ചത്. മാത്രമല്ല, ജോര്‍ജ് ജോസഫ് നിര്‍മാണ പ്രവര്‍ത്തിയും തടഞ്ഞു. ഇക്കാര്യത്തിൽ ഒരു വിശദീകരണം പോലും നൽകാനാകാതെ പാർട്ടി പെട്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ ഭർത്താവിന്‍റെ റോഡ് അളക്കൽ. വിവാദങ്ങളിലും തർക്കത്തിലും പെട്ട് റോഡ് നിർമ്മാണം തടസപ്പെട്ടാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും അത് പാർട്ടിക്ക് പ്രതികൂലമാകും. കൊടുമൺ ഭാഗത്തെ അലൈൻമെന്‍റ് തർക്കം പൊതുമരാമത്ത് മന്ത്രിയുടെ കൂടി സഹായത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam